കൊച്ചി: റിപ്പോർട്ടർ ടി.വിയുടെ തൃശൂർ ഓഫീസിൽ യൂത്ത് കോൺഗ്രസ് നടത്തിയ ആക്രമണത്തിൽ കേരള ജേർണലിസ്റ്റ്സ് യൂണിയൻ (കെ.ജെ.യു) സംസ്ഥാന കമ്മിറ്റി പ്രതിഷേധിച്ചു. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന ആഭ്യന്തര വകുപ്പിനോട് യൂണിയൻ ആവശ്യപ്പെട്ടു.
തെറ്റായ വാർത്ത ഏതെങ്കിലും മാദ്ധ്യമങ്ങൾ പ്രസിദ്ധീകരിക്കുകയോ പ്രക്ഷേപണം ചെയ്യുകയോ ചെയ്തിട്ടുണ്ടെങ്കിൽ അതിനെ നിയമപരമായി നേരിടാനുള്ള ആർജ്ജവമാണ് സംഘടനകൾ കാണിക്കേണ്ടത്. കായികമായി നേരിടുന്നത് ആരോപണം സത്യമായതിനാലാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സംഭവത്തിൽ നീതിപൂർവമായ പൊലീസ് അന്വേഷണവും നടപടിയുമാണ് വേണ്ടതെന്ന് സംസ്ഥാന പ്രസിഡന്റ് അനിൽ ബിശ്വാസ്, ജനറൽ സെക്രട്ടറി കെ.സി. സ്മിജൻ എന്നിവർ പറഞ്ഞു.