നാട്ടുനന്മയുടെ തെളിനീരുറവ വറ്റുന്നില്ല. ചോയിമാനെപ്പോലുള്ള കാരുണ്യം വറ്റാത്ത മനസ്സിനുടമകൾ സത്യസന്ധതയുടെ നട്ടുനന്മ പ്രകാശിപ്പിക്കുന്നു.
സത്യസന്ധതയ്ക്ക് പ്രായമോ രോഗാവസ്ഥയോ തടസ്സമല്ലെന്ന് തെളിയിച്ച് കൈയ്യടി നേടുകയാണ് മുക്കത്തെ ചോയിമാൻ.
കളഞ്ഞു കിട്ടിയ സ്വർണം ഉടമസ്ഥരിലേക്കെത്തിക്കാൻ പ്രായത്തെ തോൽപ്പിച്ച ഈ മനുഷ്യൻ കാണിച്ച ആത്മാർത്ഥത മറ്റുളളവർക്ക് മാതൃകയാവുകയാണ്.
നിത്യച്ചെലവിനും നിത്യോപയോഗമരുന്നു വാങ്ങാൻ പോലും പ്രയാസപ്പെടുന്ന അവസ്ഥയിലൂടെയാണ് ചോയിമാൻ കടന്നുപോകുന്നത്. എങ്കിലും ഇതൊന്നും മുന്നിൽ തെളിച്ചത്തോടെ വന്ന സ്വർണം കണ്ടപ്പോൾ ആ പാവം മനുഷ്യനെ തളർത്തിയില്ല. നടത്തത്തിനിടയിൽ റോഡിൽ നിന്ന് കിട്ടിയ സ്വർണാഭരണം ആരുമറിയാതെ എടുത്ത് കടന്നുകളഞ്ഞില്ല. പകരം, ഇത് നഷ്ടപ്പെട്ടവരിലേക്ക് ഉടൻ എത്തിക്കാനുള്ള പോംവഴി കണ്ടെത്തുകയായിരുന്നു അദ്ദേഹം ആദ്യം ചെയ്തത്.
പുറംലോകത്തെ അറിയിക്കാൻ ഏറ്റവും നല്ലത് അഗസ്ത്യൻമുഴിയിലെ നീലാംബരി ഫ്ലവർ സ്റ്റാൾ ആണെന്ന് മനസ്സിലാക്കി അദ്ദേഹം.റോഡിൽ നിന്ന് കിട്ടിയ സ്വർണാഭരണവുമായി കടയിലെത്തി ഉടമ റൈനിഷ് നീലാംബരിയെ ഏൽപ്പിച്ചു.
റൈനീഷാവട്ടെ,സോഷ്യൽ മീഡിയയിലൂടെ സ്വർണാഭരണം കളഞ്ഞു കിട്ടിയ വാർത്ത വിവിധ ഗ്രൂപ്പുകളിലൂടെ പുറംലോകത്ത് എത്തിച്ചു. അരമണിക്കൂറിനുള്ളിൽ തന്നെ ഉടമസ്ഥൻ കടയിലെത്തി.
ഉടമസ്ഥൻ വന്നതോടെ, വീട്ടിലായിരുന്നു ചോയിയെ റൈനിഷ് കൂട്ടിക്കൊണ്ട് വന്ന് അദ്ദേഹത്തെക്കൊണ്ട് തന്നെ സ്വർണാഭരണം ഉടമസ്ഥനെ ഏൽപ്പിക്കുകയും ചെയ്തു.
ഗവൺമെന്റ് ആശുപത്രിക്ക് സമീപമാണ് ചോയിമാന്റെ വീട്. ആശുപത്രിയിലെത്തിയ പന്നിക്കോട് സ്വദേശികളുടെ സ്വർണാഭരണമാണ് നഷ്ടപ്പെട്ടിരുന്നത്. നഷ്ടപ്പെട്ട സ്വർണ്ണം തിരിച്ചുകിട്ടിയ ആഹ്ലാദത്തിലായിരുന്നു ഇവർ.
നേരത്തേ കളഞ്ഞുകിട്ടിയ 5000 രൂപയും ഇദ്ദേഹം ഉടമസ്ഥനെ എൽപ്പിച്ചിരുന്നു
ചോയി പകർന്നു നൽകുന്ന നന്മ പാഠം മുക്കത്തിന് കൂടിയാണ് അഭിമാനമാവുന്നത്. സ്വർണ്ണത്തിളക്കത്തേക്കാൾ മൂല്യത്തോടെ അത് വരുന്ന നാളുകൾക്ക് കൂടി മാതൃകയാകും