Trending

പുതുപ്പാടി ഗവ ഹയർ സെക്കൻ്ററി സ്കൂൾ പ്രിൻസിപ്പാലിനെതിരെ ഗുരുതര ആരോപണം, അധ്യാപകൻ്റെ പല്ല് അടിച്ചു കൊഴിക്കുമെന്ന ഫോൺ സംഭാഷണം പുറത്ത്



താമരശ്ശേരി:
കോഴിക്കോട് ജില്ലയിൽ ഏഴ് ബാച്ച്കളും ഏകദേശം 900 ലധികം വിദ്യാർത്ഥികളും 30 ൽ അധികം അധ്യാപകരുമുള്ള  വിദ്യാലയമാണ് പുതുപ്പാടി ഗവണ്മെന്റ്റ് ഹയർ സെക്കൻഡറി സ്കൂൾ.നിലവിലെ സ്കൂൾ പ്രിൻസിപ്പലായ  പ്രിയ പ്രോത്താസിസും, SMC ചെയർമാനും   ചേർന്ന് വൻ സാമ്പത്തിക ക്രമക്കേട് സ്കൂളിൽ നടത്തിക്കൊണ്ടിരിക്കുകയാണെന്ന് പി ടി എ പ്രസിഡൻ്റ് പി കെ മുഹമ്മദലി വിദ്യഭ്യാസ വകുപ്പ് മന്ത്രിക്കും, ഹയർസെക്കൻ്ററി റീജണൽ ഡെപ്യൂട്ടി ഡയറക്ടർക്കും, ഡപ്യൂട്ടി ഡയരക്ടർക്കും, വിജിലൻസിനും നൽകിയ പരാതിയിൽ പറയുന്നു.
 ഈ വർഷം പ്ലസ് വൺ അഡ്മിഷൻ എടുത്ത വിദ്യാർഥികളുടെ രക്ഷിതാക്കളിൽ നിന്നും PTA യുടെ അറിവോ സമ്മതമോ ഇല്ലാതെ പ്രോസ്പെക്ടസിൽ പറഞ്ഞതിനു പുറമെ നിർബന്ധിച്ച് അനധികൃത പണപ്പിരിവ് നടത്തിയതായും, ഇതിന് യാതൊരുവിധ രേഖകളോ റസീപ്പുകളോ നൽകിയിട്ടില്ലായെന്നും പരാതിയിൽ വ്യക്തമാക്കുന്നു.  സാമൂഹ്യമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളോടും,  തുക നൽകാൻ കഴിയാത്ത നിർധനരായ രക്ഷിതാക്കളോടും പ്രിൻസിപ്പാളും, SMC ചെയർമാനും സ്കൂൾ ഓഫീസിൽ വെച്ച് നിർബന്ധിച്ച് കാശ് വാങ്ങിയതായി രക്ഷിതാക്കൾ പിടിഎ പ്രസിഡൻ്റിനോട് പരാതിപ്പെട്ടതായി പറയുന്നു. 

സ്കൂളുമായി ബന്ധപ്പെട്ട എല്ലാ തീരുമാനങ്ങളും SMC ചെയർമാനുമായി ആലോചിച്ച് അവർ സ്വേച്ഛാധിപത്യ പരമായി നടപ്പാക്കുകയാണ്. SMC ചെയർമാൻ സ്കൂളിലെ ഒരു രക്ഷിതാവല്ല. സ്കൂളുമായി ഒരു ബന്ധവും ഇല്ല എന്ന് മാത്രമല്ല പുതുപ്പാടി പഞ്ചായത്തിൽ ഉള്ള വ്യക്തിപോലുമല്ല. പ്രിൻസിപ്പൽ അവരുടെ വ്യക്തിതാൽപര്യത്തിന് വേണ്ടി ചെയർമാനാക്കി വെച്ച ആളാണ് SMC ചെയർമാനെന്നും. ഇദ്ദേഹം വികസന സമിതി ചെയർമാനായി ഇരുന്ന മുൻ വർഷങ്ങളിലും പ്രിൻസിപ്പാളും ഇദ്ദേഹവും ചേർന്ന് PTA യുടെയോ, അധ്യാപകരുടെയോ സമ്മതമില്ലാതെ സ്കൂളിൻറെ പേരിൽ പല പിരിവുകളും നടത്തിയിട്ടുണ്ടെന്നും പരാതിയിൽ പറയുന്നു..

സ്ക്കൂളിൽ PTA കമ്മറ്റി വിളിച്ചു കൂട്ടാറില്ല എന്ന് മാത്രമല്ല പ്രസിഡൻറ്റിനെയും മറ്റു അംഗങ്ങ ളെയും ഒട്ടും വക വെക്കാത്ത പെരുമാറ്റമാണ് പ്രിൻസിപ്പലിൻറെ ഭാഗത്ത് നിന്നുള്ളത്. ആയതിനാൽ മലയോര കുടിയേറ്റ മേഖലയിലെ നിർധനരായ വിദ്യാർത്ഥികൾ പഠിക്കുന്ന സ്കൂളിന്റെ റിസൾട്ട് ഈ വർഷം 50 ശതമാനത്തിൽ എത്തിനിൽക്കുന്നു. പഠനത്തിലും അനുബന്ധ വിഷയങ്ങളിലും വേണ്ടത ശ്രദ്ധകൊടുക്കാതെ വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും മാനസികമായി പീഡിപ്പിക്കുന്നതായി രക്ഷിതാക്കൾ നിരന്തരം പരാതികൾ അറിയിക്കുന്നതായും പിടിഎ പ്രസിഡൻ്റിൻ്റെ പരാതിയിൽ പറയുന്നു.
പരാതിയെ തുടർന്ന് സ്കൂളിൽ എത്തിയ RDD യും മറ്റ് ഉദ്യോഗസ്ഥരും പരാതിക്കാരിൽ നിന്നും വിദ്യാർത്ഥികളിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു.
ഇതിനിടെ പ്രിൻസിപ്പൾ മോശമായി പെരുമാറുന്നു എന്ന് കാണിച്ച് ആയിരത്തോളം വിദ്യാർത്ഥികളും RDD ക്ക് പരാതി നൽകി.സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് ലീഗ് പ്രവർത്തകർ കോഴിക്കോട് RDD ഓഫിസിന് മുന്നിൽ പ്രതിഷേധവും സംഘടിപ്പിച്ചിരുന്നു.

ഇതിനിടെ സ്കൂളിലെ എൻ എസ് എസ് ചുമതലയുള്ള അധ്യാപകൻ എം വി സിബിൻ ആൻ്റണി 
 പ്രിൻസിപ്പലിനെ ഫോണിൽ വിളിച്ചപ്പോൾ വളരെ ധിക്കാരമായി പെരുമാറിയെന്നും, പല്ല് അടിച്ച് കൊഴിക്കുമെന്ന് പറഞ്ഞതായും കാണിച്ച് അധ്യാപകരും RDD ക്കും ഉന്നത ഉദ്യോഗസ്ഥർക്കും പരാതി നൽകിയിട്ടുണ്ട്.
അധ്യാപകനെ പ്രിൻസിപ്പൽ ഭീഷണിപ്പെടുത്തുന്ന വോഴ്സ് റെക്കോർഡും പുറത്തുവന്നിട്ടുണ്ട്.

എന്നാൽ തൻ്റെ ഭാഗം വിശദീകരിക്കുന്നതിനായി പ്രിൻസിപ്പാലിനെ  ഫോണിൽ പല തവണ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും, ലഭ്യമായിട്ടില്ല.

പ്രിൻസിപ്പാളുമായി അടുത്ത ബന്ധം പുലർത്തുന്നവരിൽ നിന്നും ലഭിക്കുന്ന വിവരമനുസരിച്ച് അഴിമതി ആരോപണം അടിസ്ഥാന രഹിതമാണ്, സ്കൂളിൻ്റെ ചുറ്റുമതിൽ, വേലി എന്നിവക്ക് പിരിച്ച പണത്തിന് വ്യക്തമായ രേഖകളുണ്ട്, കരാറുകാർക്ക് നൽകാൻ പല അവസരങ്ങളിലും തുക കണ്ടെത്താൻ സാധിക്കാതിരുന്ന അവസരത്തിൽ സ്വന്തം കൈയിൽ നിന്നും പണം നൽകിയാണ് പ്രവൃത്തികൾ നടത്തിയത്, അധ്യാപകനുമായുള്ള ഫോൺ സംഭാഷണത്തിൻ്റെ ഒരു ഭാഗം മാത്രമാണ് പുറത്തുവന്നത്, പ്രിൻസിപ്പാളിനോട് അധ്യാപകർ മോശമായി സംസാരിക്കുന്ന ഭാഗം പുറത്തുവന്നിട്ടില്ല, കൂടാതെ ക്ലാസിൽ വിദ്യാർത്ഥികൾ കൊണ്ടുവന്ന മൊബൈൽ ഫോണുകൾ വിട്ടുനൽകാൻ പിടിഎ പ്രസിഡൻറ് ആവശ്യപ്പെട്ടിരുന്നെങ്കിലും നിലവിൽ പിന്തുടരുന്ന രീതി അനുസരിച്ച് ക്ലാസ് തീരുന്ന അവസരത്തിൽ മാത്രമേ തിരിച്ചുനൽകുകയുള്ളൂ, അതാൽ മാറ്റം വരുത്താൻ തയ്യാറാവാത്തതും ,ചില നിയമനങ്ങൾക്ക് സമ്മർദ്ദത്തിന് വഴങ്ങാതിരുന്നതുമാണ് ആരോപണങ്ങൾക്ക് പിന്നാലെന്നാണ് പറയപ്പെടുന്നത്.

Post a Comment

Previous Post Next Post