ചെന്നൈ: തമിഴകം വെട്രി കഴകം (ടി.വി.കെ.) നേതാവും നടനുമായ വിജയിയുടെ കരൂരിലെ റാലിക്കിടെയുണ്ടായ വൻ തിരക്കിൽപ്പെട്ട് മരിച്ചവരുടെ എണ്ണം 30 കടന്നു. കുട്ടികളും സ്ത്രീകളുമടക്കം മരിച്ചവരിൽ ഉൾ പ്പെടുമെന്നാണ് അവിടെ നിന്നും ലഭിക്കുന്ന വിവരം. സ്ഥിതി ആശങ്ക യുണ്ടാക്കുന്നതാണെന്നും അടിയന്തര ചികിത്സകൾ ലഭ്യമാക്കാൻ ആശുപത്രികൾക്ക് നിർദ്ദേശം നൽകിയതായും മുഖ്യമന്ത്രി സ്റ്റാലിൻ അറിയിച്ചു. മുഖ്യമന്ത്രിയുടെ നിർദ്ദേശം അനുസരിച്ച് മന്ത്രിമാർ സ്ഥലത്തേക്ക് തിരിച്ചു. മുഖ്യമന്ത്രി നാളെ പുലർച്ചെ തിരുച്ചി വഴി കരൂരിൽ എത്തും.
ജനങ്ങൾക്ക് ആവശ്യമായ അടിയന്തര ചികിത്സകൾ ലഭ്യമാക്കാനും രക്ഷാ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും മുൻ മന്ത്രി വി. സെന്തിൽ ബാലാജിയെയും, മന്ത്രി മാ. സുബ്രഹ്മണ്യനെയും നിയോഗിച്ചതായി മുഖ്യമന്ത്രി സ്റ്റാലിൻ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. ജില്ലാ കളക്ടറെ ബന്ധപ്പെട്ട് യുദ്ധകാലാടിസ്ഥാനത്തിൽ ആവശ്യമായ സഹായങ്ങൾ ചെയ്യാൻ നിർദ്ദേശം നൽകി. അവിടത്തെ സ്ഥിതി എത്രയും പെട്ടെന്ന് സാധാരണ നിലയിലാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാൻ എ.ഡി.ജി.പി.യുമായും സംസാരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. ജനങ്ങൾ സഹകരിക്കണമെന്നും സ്റ്റാലിൻ അഭ്യർത്ഥിച്ചു. ട്രിച്ചി, ഡിണ്ടിഗൽ ജില്ലാ കളക്ടർമാരോടും കരൂരിലേക്ക് പോകാൻ ചീഫ് സെക്രട്ടറി നിർദ്ദേശം നൽകിയിട്ടുണ്ട്.