Trending

തമഴ്നാട്ടിൽ19കാരിയെ പൊലീസുകാര്‍ ബലാത്സംഗം ചെയ്ത് റോഡില്‍ തള്ളി.

വാഹനപരിശോധനയ്ക്കെന്ന പേരില്‍ തടഞ്ഞു നിര്‍ത്തിയ ശേഷം യുവതിയെ പൊലീസുകാര്‍ ബലാത്സംഗം ചെയ്ത് റോഡില്‍ ഉപേക്ഷിച്ചു. തമിഴ്നാട്ടിലെ തിരുവണ്ണാമലയ്ക്കടുത്ത എന്‍ഡാല്‍ ഗ്രാമത്തിലാണ് സംഭവം. ട്രക്കില്‍ സഹോദരിക്കും രണ്ട് പുരുഷന്‍മാര്‍ക്കുമൊപ്പം യാത്ര ചെയ്യുകയായിരുന്നു യുവതിയെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ പൊലീസുകാരായ സുന്ദറിനെയും സുരേഷ് രാജിനെയും പൊലീസ് അറസ്റ്റ് ചെയ്തു.

പച്ചക്കറിയും പഴവര്‍ഗങ്ങളുമടങ്ങിയ ചരക്ക് തിരുവണ്ണാമലയിലെ മാര്‍ക്കറ്റില്‍ നല്‍കിയ ശേഷം അര്‍ധരാത്രിയോടെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു യുവതിയും സംഘവും. ഇവര്‍ ബൈപ്പാസ് റോഡ് വഴി പോകുന്നതിനിടെ എന്‍ഡാല്‍ ഗ്രാമത്തില്‍ വച്ച് പതിവു വാഹന പരിശോധന നടത്തുകയായിരുന്ന കോണ്‍സ്റ്റബിള്‍മാരായ സുന്ദറും സുരേഷ് രാജും വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടു. രേഖകള്‍ പരിശോധിച്ച ശേഷം യുവതിയെ വാഹനത്തില്‍ നിന്നിറക്കി ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയ ശേഷം ബലാത്സംഗം ചെയ്തു. പിന്നാലെ ജീപ്പില്‍ പൊലീസുകാര്‍ സ്ഥലം വിട്ടു.

മുറിവേറ്റ് രക്തം വാര്‍ന്ന യുവതി അടുത്തുള്ള വീട്ടിലേക്ക് ഓടിയെത്തുകയും ഗ്രാമവാസികള്‍ യുവതിയെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു. വൈദ്യപരിശോധനയില്‍ യുവതി ബലാത്സംഗത്തിനിരയായതായി തെളിഞ്ഞു. ആശുപത്രി അധികൃതര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വനിതാ പൊലീസടങ്ങുന്ന സംഘം സ്ഥലത്തെത്തി കേസ് റജിസ്റ്റര്‍ ചെയ്തു. പൊലീസിന്‍റെ പ്രാഥമികാന്വേഷണത്തില്‍ കോണ്‍സ്റ്റബിള്‍മാര്‍ കുറ്റക്കാരെന്ന് കണ്ടെത്തിയതോടെയാണ് കോണ്‍സ്റ്റബിള്‍മാരെ സസ്പെന്‍ഡ് ചെയ്തത്.

ജനങ്ങളെ സംരക്ഷിക്കേണ്ട പൊലീസുകാര്‍ തന്നെ ഇത്തരത്തില്‍ അതിക്രമം കാണിച്ചത് തിരുവണ്ണാമലയിലെങ്ങും കടുത്ത പ്രതിഷേധമുണ്ടാക്കിയിട്ടുണ്ട്. സ്ത്രീകള്‍ക്ക് ഡിഎംകെ ഭരണത്തില്‍ സുരക്ഷയില്ലെന്നാണ് ഇത് തെളിയിക്കുന്നതെന്ന് എഐഎഡിഎംകെ ആരോപിച്ചു. സ്ത്രീകളുടെ ജീവന് സംരക്ഷണമൊരുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും എടപ്പാടി പളനിസ്വാമി സമൂഹമാധ്യമപ്പോസ്റ്റില്‍ ആവശ്യപ്പെട്ടു. അതിജീവിതയ്ക്ക് നഷ്ടപരിഹാരവും ചികിത്സാച്ചെലവും സര്‍ക്കാര്‍ നല്‍കണമെന്നും സസ്പെന്‍ഷനിലുള്ള പൊലീസ് കോണ്‍സ്റ്റബിള്‍മാര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്നും അദ്ദേഹം കുറിച്ചു.

Post a Comment

Previous Post Next Post