താമരശ്ശേരി: ഫ്രഷ് കട്ട് കോഴി മാലിന്യ സംസ്കരണ പ്ലാന്റ് തിടുക്കപ്പെട്ട് തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകിയതിലൂടെ ഒരു നാടിനെ ഒന്നടങ്കം ജില്ലാ ഭരണകൂടം വഞ്ചിച്ചിരിക്കുകയാണെന്നും ഈ തീരുമാനം പുന:പരിശോധിക്കണമെന്നും മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം സൈനുൽ അബിദീൻ തങ്ങൾ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം നടന്ന സർവ്വകക്ഷി യോഗ തീരുമാനം പോലും അട്ടിമറിച്ചു കൊണ്ടാണ് ജില്ലാ ഭരണകൂടം ഫാക്ടറി തുറന്നു പ്രവർത്തിക്കാൻ വേണ്ടി അനുമതി നൽകിയിരിക്കുന്നത്.  ഈ പ്ലാന്റ് പ്രവർത്തിക്കുന്നതുമായി ബന്ധപ്പെട്ട് പ്രദേശത്തെ ജനങ്ങൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ സംബന്ധിച്ച് പഠിക്കുന്നതിന് ഉപസമിതിയെ ചുമതലപ്പെടുത്തുകയും, ഈ സമിതിയുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കാമെന്നുമാണ് കഴിഞ്ഞ ദിവസം നടന്ന സർവകക്ഷി യോഗത്തിൽ തീരുമാനിച്ചത്. 
 ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും ഉൾപ്പെടെ പങ്കെടുത്ത സർവകക്ഷി യോഗ തീരുമാനമാണ് ജില്ലാ ഭരണകൂടം അട്ടിമറിച്ചത് എന്നത് ഗുരുതരമായ വിഷയമാണ്. 
നേരത്തെ കമ്പനിക്ക് നൽകിയ ഉപാധികൾ തന്നെയാണ് ഇപ്പോൾ വീണ്ടും ആവർത്തിച്ചിരിക്കുന്നത്. ഈ നിർദ്ദേശങ്ങൾ ഒന്നുപോലും കമ്പനി  നടപ്പാക്കിയിട്ടില്ല എന്നത് അനുഭവസാക്ഷ്യമാണ്. ഇപ്പോൾ നൽകിയെന്ന് പറയുന്ന ഉപാധിയും നടപ്പാക്കാൻ പോകുന്നില്ല. രാത്രികാലത്ത് ഈ കമ്പനി പ്രവർത്തിക്കുന്നത് മൂലം ജനങ്ങൾക്ക് കിടന്നുറങ്ങാൻ പോലും പറ്റാത്ത സാഹചര്യമാണ് നിലവിലുള്ളത്. രാത്രികാലങ്ങളിൽ കമ്പനിക്ക് പ്രവർത്തനമാനുമതി നൽകുന്നത് നാട്ടിലെ ജനങ്ങൾക്ക് സ്വൈര്യമായി ഉറങ്ങാനുള്ള അവകാശം ഇല്ലാതാക്കും. നിരപരാധികളായ ആളുകളുടെ വീടുകളിൽ പോലീസ് പരിശോധന നിർത്തലാക്കും എന്നാണ് സർവകക്ഷി യോഗത്തിൽ ഉറപ്പുനൽകിയത്. യോഗത്തിന്റെ പിറ്റേദിവസം പോലും പാതിരാത്രിയിൽ പോലീസ് വീടുകൾ കയറിക്കൊണ്ടിരിക്കുന്നു. ജില്ലാ ഭരണകൂടം ജനവികാരം മാനിക്കാതെ ഈ കമ്പനിക്ക് വേണ്ടി അമിത താല്പര്യം കാണിക്കുകയാണ്. ജനങ്ങൾക്ക് ജില്ലാ ഭരണകൂടത്തിലുള്ള വിശ്വാസം നഷ്ടപ്പെടുത്തുന്ന നടപടികളാണ് നിരന്തരം ഉണ്ടാകുന്നത്. ഈ നാട്ടിലെ ജനങ്ങളെ വെല്ലുവിളിച്ചു കൊണ്ടാണ് ഈ സ്ഥാപനം ഇക്കാലമത്രയും പ്രവർത്തിച്ചിരുന്നത്. ഇപ്പോൾ ജില്ലാ ഭരണകൂടവും അതേ പാതയിൽ മുന്നോട്ടു പോകുന്നത് ആശങ്കാജനകമാണെന്നും അദ്ദേഹം പറഞ്ഞു.