Trending

തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്; സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറുടെ വാർത്താസമ്മേളനം ഉച്ചയ്ക്ക് 12 മണിക്ക്

സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന് നടക്കും. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറുടെ വാർത്താസമ്മേളനം ഉച്ചയ്ക്ക് 12 മണിക്ക് നടക്കും. തദ്ദേശ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളെല്ലാം തെരഞ്ഞെടുപ്പ് കമ്മീഷൻ നേരത്തെ പൂർത്തിയാക്കിയിരുന്നു. പലയിടങ്ങളിലും സ്ഥാനാർഥി പ്രഖ്യാപനവും പുരോഗമിക്കുകയാണ്. അന്തിമ വോട്ടർപ്പട്ടിക ഒക്‌ടോബർ 25ന്‌ പ്രസിദ്ധീകരിച്ചിരുന്നു. കൂട്ടിച്ചേർക്കലുകൾക്കായി അനുവദിച്ച രണ്ടുദിവസത്തെ അപേക്ഷകൾകൂടി പരിഗണിച്ച്‌ 14ന്‌ അനുബന്ധ പട്ടിക പ്രസിദ്ധീകരിക്കും.

2020 ഡിസംബർ 21നാണ്‌ നിലവിലുള്ള ഭരണസമിതികൾ ചുമതലയേറ്റത്‌. പുതിയ സമിതികൾ ഡിസംബർ 21ന്‌ ചുമതലയേൽക്കണം. അതിനുമുന്പ്‌ ഫലം പ്രഖ്യാപിച്ച്‌, പുതിയ ഭരണസമിതികൾ തെരഞ്ഞെടുക്കപ്പെട്ടതായി വിജ്ഞാപനം ഇറക്കുകയും വേണം. 941 പഞ്ചായത്ത്‌, 152 ബ്ലോക്ക്‌ പഞ്ചായത്ത്‌, 14 ജില്ലാ പഞ്ചായത്ത്‌, മട്ടന്നൂർ ഒഴികെ 86 മുനിസിപ്പാലിറ്റി, ആറ്‌ കോർപറേഷൻ എന്നിവിടങ്ങളിലേക്കാണ്‌ തെരഞ്ഞെടുപ്പ്‌ നടക്കേണ്ടത്‌. മട്ടന്നൂർ മുനിസിപ്പാലിറ്റിയുടെ കാലാവധി 2027 വരെയാണ്‌.


സമയക്രമം പ്രഖ്യാപിച്ചാൽ, വിജ്ഞാപനത്തിന്‌ ചെറിയ ഇടവേളയുണ്ടാകും. വിജ്ഞാപനം വന്ന്‌ ഒരാഴ്‌ചയ്‌ക്കകം നാമനിർദേശ പത്രികാ സമർപ്പണം പൂർത്തിയാക്കണം. സ്ഥാനാർഥികളുടെ അന്തിമരൂപം ആയാൽ 14 ദിവസമാണ്‌ പ്രചാരണത്തിന്‌ ലഭിക്കുക. അന്തിമ പട്ടികയിൽ 2,84,30,761 വോട്ടര്‍മാരാണുള്ളത്‌. 1,33,52,996 പുരുഷന്മാരും 1,49,59,273 സ്‌ത്രീകളും 271 ട്രാൻസ്‌ജെൻഡർമാരും. കൂടുതൽ വോട്ടർമാർ മലപ്പുറം ജില്ലയിൽ, 35,74,802. കുറവ്‌ വയനാട്ടിൽ, 640183.

Post a Comment

Previous Post Next Post