Trending

ശബരിമലയിൽ സ്പോട്ട് ബുക്കിംഗിന് നിയന്ത്രണം; കൂടുതലായി എത്തുന്നവർക്ക് അന്നേ ദിവസം ദർശനം അനുവദിക്കില്ല, 7 കേന്ദ്രങ്ങൾ കൂടി ആരംഭിക്കും

പമ്പ: ശബരിമല ദർശനത്തിനായി ഭക്തരുടെ വലിയ തിരക്ക് അനുഭവപ്പെടുന്നത് കണക്കിലെടുത്ത് ഒരു ദിവസത്തെ റിയൽ ടൈം ബുക്കിംഗ് (സ്പോട് ബുക്കിംഗ്) 20000 പേർക്ക് മാത്രമായി നിജപ്പെടുത്തും. കൂടുതലായി എത്തുന്നവർക്ക് അടുത്ത ദിവസം ദർശനത്തിനുള്ള ക്രമീകരണ ഏർപ്പെടുത്തും. ഇതിനായി ഭക്തർക്ക് തങ്ങാൻ നിലക്കലിൽ സൗകര്യമൊരുക്കും. മരക്കൂട്ടം ശരംകുത്തി സന്നിധാനം പാതയിലെ ക്യൂ കോംപ്ലക്സുകൾ കൂടുതൽ പ്രവർത്തനക്ഷമമാക്കും.
ക്യൂ കോംപ്ലക്സിൽ എത്തി വിശ്രമിക്കുന്ന ഭക്തർക്ക് വരിനിൽക്കുന്നതിലെ മുൻഗണന നഷ്ടമാകില്ല. ക്യൂ കോംപ്ലക്സുകളിൽ കുടിവെള്ളത്തിനും ലഘു ഭക്ഷണത്തിനും പുറമേ ചുക്കുകാപ്പി കൂടി ലഭ്യമാകും. ഇതിനായി ഓരോ ക്യൂ കോംപ്ലക്സിലും അധികം ജീവനക്കാരെ നിയോഗിച്ചു. പമ്പയിൽ എത്തിക്കഴിഞ്ഞാൽ ശബരിമല ദർശനം പൂർത്തിയാക്കി നിശ്ചിത സമയത്തിനുള്ളിൽ തന്നെ ഭക്തർക്ക് മടങ്ങിപ്പോകാൻ സാഹചര്യമൊരുക്കും ഇതിനായി നിലയ്ക്കൽ നിന്ന് പമ്പയിലേക്കുള്ള പ്രവേശനം ക്രമീകരിക്കും. ക്യൂ നിൽക്കുമ്പോൾ ഏതെങ്കിലും ഭാഗത്ത് ഭക്തർക്ക് കുടിവെള്ളം ലഭിക്കുന്നതിന് തടസ്സം നേരിടുന്നുണ്ടെങ്കിൽ ഭക്തർക്ക് അരികിലേക്ക് കുടിവെള്ളം എത്തിച്ചു നൽകും.



പമ്പയിലെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് വേഗത്തില്‍ ദര്‍ശനത്തിന് സൗകര്യമൊരുക്കും : ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്  



പമ്പയില്‍ എത്തുന്ന തീര്‍ഥാടകര്‍ക്ക് അധികം കാത്തുനില്‍ക്കാതെ സുഗമമായി ദര്‍ശനനം നടത്തുന്നതിന് സൗകര്യമൊരുക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍. സന്നിധാനത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പമ്പയില്‍ തീര്‍ഥാടകരുടെ എണ്ണം കൂടുന്നതിനനുസരിച്ച് നിലയ്ക്കലില്‍ നിയന്ത്രിക്കും. മരക്കൂട്ടം മുതല്‍ ശരംകുത്തി വരെ 20 ഓളം ക്യൂ കോംപ്ലക്‌സുകളുണ്ട്. ഒരേ സമയം 500-600 ആളുകള്‍ക്ക് അവിടെ വിശ്രമിക്കുന്നതിന് സൗകര്യമുണ്ട്. ക്യൂ കോംപ്ലക്‌സില്‍ എത്തുന്ന ഭക്തര്‍ക്ക് ആവശ്യമായ കുടിവെള്ളവും ഭക്ഷണവും ഒരുക്കിയിട്ടുണ്ട്. ഇത് തീര്‍ഥാടകര്‍ ഫലപ്രദമായി ഉപയോഗിക്കണം. ക്യൂ കോംപ്ലക്‌സിലെ സൗകര്യങ്ങള്‍ മനസ്സിലാക്കുന്നതിനും അനൗണ്‍സ്‌മെന്റ് നടത്തും. ഇവിടെ ഏകോപനത്തിനായി കോ ഓര്‍ഡിനേറ്ററെ നിയോഗിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്. സ്‌പോട്ട് ബുക്കിംഗിനായി തീര്‍ഥാടകര്‍ പമ്പയിലെത്തുന്നത് കുറയ്ക്കുന്നതിന് നിലയ്ക്കലില്‍ ഏഴ് സ്‌പോട്ട് ബുക്കിംഗ് ബൂത്തുകള്‍ അധികമായി ഉടന്‍ സ്ഥാപിക്കും. പമ്പയില്‍ നിലവിലുള്ള നാല് സ്‌പോട്ട് ബുക്കിംഗ് ബൂത്തുകള്‍ക്ക് പുറമേയാണിത്. തീര്‍ഥാടകര്‍ക്ക് ചുക്കുവെള്ള വിതരണത്തിനായി 200 പേരെ അധികമായി നിയോഗിച്ചു. ഇതിലൂടെ വരിയില്‍ നില്‍ക്കുന്ന എല്ലാവര്‍ക്കും കുടിവെള്ളവും ബിസ്‌കറ്റും ഉറപ്പാക്കും. ശുചിമുറികള്‍ കൃത്യമായി വൃത്തിയാക്കുന്നതിന് 200 പേരെ അധികമായി വിന്യസിച്ചിട്ടുണ്ടെന്നും പ്രസിഡന്റ് പറഞ്ഞു.


Post a Comment

Previous Post Next Post