താമരശ്ശേരി :മുസ്ലീം ലീഗിലെ അനുനയ നീക്കം പാളി. ഇന്നലെ നടന്ന യോഗം വാക്കേറ്റത്തിലും, കയ്യാങ്കളിയുടെ വക്കിലും എത്തി.
മുസ്ലീം ലീഗ് താമരശ്ശേരി പഞ്ചായത്ത് കമ്മിറ്റി യോഗത്തിലാണ് തർക്കം ഉടലെടുത്തത്.
തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പഞ്ചായത്ത് മുസ്ലീം ലീഗ് ഭാരവാഹിയോഗത്തിൽ ഇരു വിഭാഗം ഭാരവാഹികൾ തമ്മിൽ ആദ്യം വാക്കേറ്റവും ഇത് പിന്നീട് കയ്യാങ്കളിയിലേക്കും എത്തുകയായിരുന്നു.
മൂന്ന് ടേം മത്സരിച്ച് മാറി നിന്നവർക്ക് ഇളവനുവദിച്ചത് ഉപയോഗപ്പെടുത്തി പാർട്ടിക്ക് ലഭിച്ച ജില്ലാ പഞ്ചായത്ത് സീറ്റിൽ മത്സരിക്കുന്നതിനു വേണ്ടി മണ്ഡലം ഭാരവാഹി ആയ വ്യക്തി സ്വന്തം വാർഡ് കമ്മിറ്റിയുടെ വ്യാജ ശുപാർശ കത്ത് ഉണ്ടാക്കി കമ്മിറ്റിക്ക് നൽകിയതിനെ മറ്റ് ഭാരവാഹികൾ ചോദ്യം ചെയ്യുകയും തുടർന്ന് വാക്ക് തർക്കം ഉണ്ടാവുകയും ഇത് പിന്നീട് കയ്യാങ്കളിയിൽ കലാശിക്കുകയുമാണ് ഉണ്ടായത്. മൂന്ന് ടേം ഇളവ് അനുവദിച്ചതിൽ സംസ്ഥാന കമ്മിറ്റി വ്യക്തമായ മാർഗരേഖ പുറപ്പെടുവിച്ചിട്ടുമുണ്ട് ഇത്തരത്തിലുള്ള സീറ്റിൽ ഇളവനുവദിക്കപ്പെട്ട വ്യകതി മത്സരിച്ചാൽ മാത്രമേ വിജയിക്കുകയുള്ളു എന്ന് വാർഡ്, പഞ്ചായത്ത്, മണ്ഡലം, ജില്ലാ കമ്മിറ്റികൾ ഐക്യ ഖണ്ഡേന അഭിപ്രായപ്പെട്ടാൽ മാത്രമേ അവസരം നൽകുകയുള്ളു എന്നതാണ് മാനദണ്ഡം. താമരശ്ശേരി ജില്ലാ പഞ്ചായത്ത് സീറ്റിൽ ഇത്തരം വിഷയങ്ങൾ ഒന്നും തന്നെ ഇല്ല എന്നാണ് ഭൂരിഭാഗം പ്രവർത്തകരുടെയും അഭിപ്രായം.
താമരശ്ശേരി ഐഎച്ച്ആർഡി കോളേജിൽ ഡോ.എം.കെ.മുനീർ എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച തുക വിനിയോഗിച്ച് മുസ്ലീം ലീഗ് സംസ്ഥാന നേതാവും മുൻ എംഎൽഎയുമായ അന്തരിച്ച സി.മോയിൻകുട്ടി സാഹിബിൻ്റെ നാമധേയത്തിൽ നിർമ്മിക്കുന്ന പ്രവേശന കവാടത്തിൻ്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് നേരത്തെ സ്കൂൾ പിടിഎ ഭാരവാഹികളുടെ നേതൃത്വത്തിൽ തടയാൻ ശ്രമിക്കുകയും അതിൽ മുസ്ലീം ലീഗ് പ്രവർത്തകരടക്കം പങ്കെടുത്തത് എംഎൽഎയെ അവഹേളിച്ചെന്ന വിവാദം നിലനിൽക്കുന്നുണ്ട്. ഈ വിഷയം ഇന്നത്തെ യോഗത്തിൽ ചർച്ചയാവുകയും താമരശ്ശേരിക്കാരുടെ സ്വകാര്യ അഹങ്കാരമായ സി.മോയിൻകുട്ടി സാഹിബിൻ്റെ നാമധേയത്തിലാണ് പ്രവേശന കവാടം യാഥാർത്ഥ്യമാക്കുന്നതെന്ന അഭിപ്രായം ഭാരവാഹികളുടെ ഭാഗത്ത് നിന്നും ഉയർന്നപ്പോൾ അദ്ധേഹം ഏത് നേതാവെന്ന രൂപത്തിലേക്ക് അവഹേളിക്കുന്ന തരത്തിൽ പാർട്ടിയുടെ വർക്കിംഗ് പ്രസിഡൻറിൻ്റെ ഭാഗത്ത് നിന്നും ഉണ്ടായ സമീപനത്തിൽ ഭാരവാഹികൾ തമ്മിൽ വാക്ക് തർക്കം ഉണ്ടാവുകയും അദ്ദേഹം വർക്കിംഗ് പ്രസിഡൻറ് സ്ഥാനം രാജിവെക്കണമെന്ന് ഭൂരിഭാഗം ഭാരവാഹികളും യോഗത്തിൽ അഭിപ്രായപ്പെടുകയും ചെയ്ത.തായാണ് പുറത്തു വരുന്ന വിവരം. സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട സുപ്രധാന തീരുമാനങ്ങൾ എടുക്കേണ്ട യോഗം ഇത്തത്തിൽ അവസാനിച്ചതിൽ പ്രവർത്തകർക്കിടയിൽ വലിയ അമർശം ഉടലെടുത്തിട്ടുണ്ട്.
എന്നാൽ IHRD ഗേറ്റിൽ ആരുടെയും പേര് നൽകില്ലെന്നും, MLA യുടെ ആസ്തി വികസന ഫണ്ടിൽ ഉൾപ്പെടുത്തി നിർമ്മിച്ച IHRD ഗേറ്റ് എന്നു മാത്രമേ അടയാളപ്പെടുത്തുള്ളൂ എന്നും IHRD പ്രിൻസിപ്പാൾ വ്യക്തമാക്കി.