Trending

ഡൽഹിയിൽ സ്ഫോടനം; ചെങ്കോട്ടയ്ക്ക് സമീപം കാർ പൊട്ടിത്തെറിച്ചു; ഒൻപത് പേർ മരിച്ചു

ന്യൂഡൽഹി: ഡൽഹിയിൽ സ്ഫോടനം. ചെങ്കോട്ടയ്ക്ക് സമീപം കാർ പൊട്ടിത്തെറിച്ചു. ഒൻപത് കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു.

വൈകീട്ട് ഏഴ് മണിയോടെ തിരക്കേറിയ സമയത്താണ് സംഭവം. ചെങ്കോട്ട മെട്രോ സ്റ്റേഷൻ ഗേറ്റ് നമ്പർ ഒന്നിന് സമീപമാണ് പൊട്ടിത്തെറി ഉണ്ടായത്. പൊട്ടിത്തെറിയെ തുടർന്ന് നാല് കാറുകൾ ഉൾപ്പെടെ എട്ട് വാഹനങ്ങൾക്ക് തീപിടിച്ചു. കാറുകൾ കൂടാതെ, ഓട്ടോറിക്ഷ, മോട്ടോർസൈക്കിൾ, റിക്ഷ എന്നിവയാണ് കത്തിയത്.

രാജ്യതലസ്ഥാനത്തെ അതീവ സുരക്ഷാ മേഖലയിലാണ് പൊട്ടിത്തെറിയുണ്ടായത്. സ്ഫോടനത്തിന്റെ കാരണം കണ്ടെത്താൻ ഫൊറൻസിക് വിദഗ്ധർ സംഭവസ്ഥലം പരിശോധിച്ചുവരികയാണ്.

പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തിയിട്ടുണ്ട്. രക്ഷാപ്രവർത്തനം പുരോ​ഗമിക്കുകയാണ്. തീ പൂർണമായും അണച്ചതായി ഫയർഫോഴ്​സ് ഉദ്യോ​ഗസ്ഥർ അറിയിച്ചു. അതേസമയം പൊട്ടിത്തെറിയിൽ ദുരൂഹതയുണ്ടോ എന്ന് കണ്ടെത്താനുള്ള അന്വേഷണം നടക്കുന്നതായി പൊലീസ് അറിയിച്ചു.

സ്ഫോടനത്തെ തുടർന്ന് പ്രദേശത്തേക്കുള്ള വാഹന ​ഗതാ​ഗതവും ഡൽഹി മെട്രോ സർവീസും നിർത്തിവച്ചിട്ടുണ്ട്. മാരുതി ഈക്കോ കാറാണ് പൊട്ടിത്തെറിച്ചതെന്നാണ് റിപ്പോർട്ടുകൾ. സംഭവത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഡൽഹി പൊലീസ് മേധാവിയുമായി സംസാരിച്ചു.

Post a Comment

Previous Post Next Post