ഫ്രഷ്ക്കട്ട് ആക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് DIGക്ക് എതിരായ പരാതിയിൽ അന്വേഷണ ചുമതല കീഴുദ്യോഗസ്ഥനായ റൂറൽ എസ്പിക്ക് നൽകിയതിനെതിരെ പോലീസ് മേധാവിക്ക്
അഡ്വ.ബിജു കണ്ണന്തറ വീണ്ടും പരാതി നൽകി.
പരാതിയുടെ പൂർണ രൂപം താഴെ.
താമരശ്ശേരി
11.11.2025
ബഹുമാനപ്പെട്ട സംസ്ഥാന പോലീസ് മേധാവിക്ക്.
കോഴിക്കോട് ജില്ലയിലെ താമരശ്ശേരി, കട്ടിപ്പാറ, കോടഞ്ചേരി, ഓമശ്ശേരി ഗ്രാമ പഞ്ചായത്തുകളിലെ അയ്യായിരത്തോളം വരുന്ന കുടുംബങ്ങള്‍ക്ക് ദുരിതം വിതച്ചു കൊണ്ടും, നിരവധി കുടിവെള്ള പദ്ധതികള്‍ക്കുള്ള ജലസ്രോതസ്സായ ഇരുതുള്ളി പുഴ മലിനമാക്കുകയും ചെയ്തു കൊണ്ട് കോഴിക്കോട് ജില്ലയിലെ കട്ടിപ്പാറ ഗ്രാമ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന ഫ്രഷ്‌കട്ട് ഓര്‍ഗാനിക് പ്രൊഡക്ട്‌സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്കെതിരെ കഴിഞ്ഞ അഞ്ചു വര്‍ഷമായി നാട്ടുകാര്‍ ജനകീയ സമര സമിതി രൂപീകരിച്ച് സമരം ചെയ്തു വരികയാണ്. സകല നിയമങ്ങളും കാറ്റില്‍പ്പത്തിക്കൊണ്ട് പല സര്‍ക്കാര്‍ വകുപ്പുകളുടെയും വഴിവിട്ട ഒത്താശയോടെയാണ് ഈ സ്ഥാപനം പ്രവര്‍ത്തിച്ചു വരുന്നത്.
പ്രസ്തുത കമ്പനി അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ട് കൊണ്ട് 21.10.2025-ന് നാട്ടുകാര്‍ കഴിഞ്ഞ അഞ്ചു വര്‍ഷക്കാലവും നടത്തിയത് പോലെയുള്ള സമാധാനപരമായ സമരം നടത്തിയിരുന്നു. സമരം അക്രമാസക്തമാക്കുന്നതിന് പോലീസിന്റെ ഭാഗത്ത് നിന്ന് കുറ്റകരമായ ഇടപെടലുകളും നടപടികളും ഉണ്ടായിട്ടുണ്ട്. ഈ കമ്പനിയുടെ ഉടമകളുമായി ഡി.ഐ.ജി യതീഷ് ചന്ദ്രക്ക് വഴി വിട്ട ബന്ധമുണ്ട് എന്ന വിവരം ലഭിച്ചിട്ടുണ്ട്. സമരം അക്രമാസക്തമാക്കി, സമരക്കാര്‍ക്കെതിരെ ഗുരുതരമായ കേസുകള്‍ ചുമത്തി സമര രംഗത്ത് നിന്ന് പിന്തിരിപ്പിച്ച്, സമരം എന്നെന്നേക്കുമായി അവസാനിപ്പിച്ച് ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നതിന് വഴിയൊരുക്കുക എന്ന ലക്ഷ്യത്തോടെ ഡി.ഐ.ജി, ജില്ലാ പോലീസ് മേധാവി(റൂറല്‍)എന്നിവര്‍ ഗൂഢാലോചന നടത്തിയിട്ടുണ്ട് എന്ന സംശയം വ്യാപകമാണ്. ഡി.ഐ.ജി യതീഷ് ചന്ദ്രയും ഈ കമ്പനി ഉടമകളും തമ്മിലുള്ള വഴിവിട്ട ബന്ധങ്ങളെക്കുറിച്ചും, ഇവര്‍ തമ്മിലുള്ള ഇടപാടുകളെക്കുറിച്ചും, കൂടിക്കാഴ്ചകളെക്കുറിച്ചും, ഫോണ്‍ സംഭാഷണങ്ങളെക്കുറിച്ചും ശാസ്ത്രീയവും, വിശദവുമായ അന്വേഷണം നടത്തിയെങ്കില്‍ മാത്രമേ ഗൂഢാലോചന പുറത്തു വരികയുള്ളൂ.
ഇക്കാര്യം ആവശ്യപ്പെട്ടു കൊണ്ട് 01.11.2025-ന് വൈകു. 4.30-ന് ഞാന്‍ ബഹു. സംസ്ഥാന പോലീസ് മേധാവിക്ക് ഇ-മെയില്‍ വഴി പരാതി നല്‍കിയിരുന്നു. പ്രസ്തുത പരാതിയെക്കുറിച്ച് അന്വേഷിക്കുന്നതിന് ജില്ലാ പോലീസ് മേധാവിയെ ചുമതലപ്പെടുത്തിയതായി പോലീസ് ഹെഡ് ക്വാട്ടേഴ്‌സില്‍ നിന്ന് ഇ-മെയില്‍ വഴി എനിക്ക് റിപ്ലൈ ലഭിച്ചിട്ടുണ്ട്. മേല്‍ ഉദ്യോഗസ്ഥന് എതിരെയുള്ള പരാതി അന്വേഷിക്കുന്നതിന് കീഴ് ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയതിലൂടെ സത്യസന്ധവും നീതിയുക്തവും സുതാര്യവുമായ അന്വേഷണം നടക്കുമോ എന്ന കാര്യത്തില്‍ അശങ്കയുണ്ടാക്കുന്നു. ആയതിനാല്‍ ഡി.ഐ.ജി ഉള്‍പ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഉയര്‍ന്ന പരാതി ആയതിനാല്‍ ഐ.ജിക്ക് മുകളിലുള്ള ഉദ്യോഗസ്ഥരെ കൊണ്ട് മേല്‍ സൂചിപ്പിച്ച പരാതിയെക്കുറിച്ച് അന്വേഷിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
വിശ്വാസപൂര്‍വ്വം
അഡ്വ. ബിജു കണ്ണന്തറ
പ്രസിഡണ്ട്
കര്‍ഷക കോണ്‍ഗ്രസ്
കോഴിക്കോട് ജില്ലാ കമ്മിറ്റി
ഫോണ്‍: 9847773700