കോഴിക്കോട്: പരീക്ഷയും, സംഘർഷ സാധ്യതയും മുൻനിർത്തി ജില്ലയിൽ വിജയാഘോഷങ്ങൾക്ക് പോലീസ് നിയന്ത്രണമേർപ്പെടുത്തി. നിർദ്ദേശങ്ങൾ താഴെ പറയും പ്രകാരമാണ്
ജില്ലാ പോലീസ് മേധാവിയുടെ നടപടിക്രമം കേരള പോലീസ് ആക്ട് 79 പ്രകാരമാണ് നിയന്ത്രണം ഏർപ്പെടുത്തിയത്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് അവസാനി ക്കുകയും, 13.12.2025 തിയ്യതി ഫല പ്രഖ്യാപനവുമായി ബന്ധപ്പെട്ട് ആഹ്ളാദ പ്രകടനങ്ങളുടെ ഭാഗമായി ക്രമ സമാധാന ലംഘന പ്രശ്നങ്ങൾ ഉണ്ടാകാനും, പൊതു ജനങ്ങളുടെ സമാധാന പരമായ ജീവിതത്തിനു ഭംഗം വരുന്നതിനും ജില്ലയിലെ വിവിധ ഭാഗങ്ങളിൽ സാധ്യതയുള്ളതായി രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് ചെയ്തിട്ടുള്ള സാഹചര്യത്തിലും, ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അർദ്ധ വാർഷിക പരീക്ഷ ആരംഭിക്കുന്നതിനാൽ അനിയന്ത്രിതമായ വിജയാഘോഷ പരിപാടികൾ കുട്ടികളുടെ പരീക്ഷാ തയ്യാറെടുപ്പിനേയും, പഠനത്തെയും സാരമായി ബാധിക്കുമെന്നതിനാലും, കോഴിക്കോട് റൂറൽ ജില്ലയിലെ മുഴുവൻ പ്രദേശങ്ങളിലേയും ക്രമ സമാധാനം നിലനിർത്തുന്നതിനും, പൊതുജനങ്ങളുടെ ജീവനും, സ്വത്തിനും സംരക്ഷണം നൽകുന്നതിനും, പൊതു സമാധാനം നിലനിർത്തേണ്ടത് അത്യന്താപേക്ഷിതമാകയാൽ ആയത് നടപ്പിലാക്കുന്നതിനായി ബന്ധപ്പെട്ട രാഷ്ട്രീയ കക്ഷികളുടെ പരിഗണനയിലേക്കും, സഹകരണങ്ങൾക്കുമായി താഴെ പറയുന്ന നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു കൊണ്ട് ഉത്തരവാകുന്നു.
1) നിലവിലുള്ള നിയമ വ്യവസ്ഥകൾക്കും, ചട്ടങ്ങൾക്കും വിധേയമായി മാത്രമേ വിജയാ ഹ്ലാദ പരിപാടികൾ നടത്താവൂ.
2) ബന്ധപ്പെട്ട അധികാരികളുടെ മുൻകൂട്ടിയുള്ള അനുമതിയോടു കൂടി മാത്രമേ ഏതൊരു വിജയാഹ്ലാദ പരിപാടികളും നടത്താവൂ.
3) ഏതൊരു വിജയാഹ്ലാദ പരിപാടിക്കൊപ്പവും, ബന്ധപ്പെട്ട പാർട്ടി/സംഘടനയുടെ ഉത്തരവാദപ്പെട്ട ഭാരവാഹികൾ ഉണ്ടായിരിക്കണമെന്നും, പ്രകടനങ്ങളും, പൊതുയോഗങ്ങളും പൂർണ്ണമായും ഈ ഭാരവാഹികളുടെ നിയന്ത്രണത്തിലു മായിരിക്കണം
4) ജയിച്ച പാർട്ടി പ്രവർത്തകർ പ്രകടനമായി മറ്റ് പാർട്ടിയുടെ ഓഫീസിനു മുന്നിലൂടെ കടന്നു പോകുന്ന സമയം പ്രകോപനപരമായ മുദ്രാവാക്യങ്ങൾ വിളിക്കുന്നത് ഒഴിവാക്കേണ്ടതും, പാർട്ടി ഓഫീസുകൾ, എതിർ സ്ഥാനാർത്ഥികളുടെയും, ഭാരവാഹികളുടെയും വീടുകൾ, സ്ഥാപനങ്ങൾ/സ്വത്തുവഹകൾ എന്നിവക്കു നേരെ അക്രമം നടത്തുകയോ, സ്ഫോടക വസ്തുക്കൾ എറിയുകയോ ചെയ്യരുത്.
5) അനുവദനീയമായ അളവിലുള്ള ശബ്ദങ്ങൾ മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ. പ്രകടനങ്ങളിൽ നാസിക്ക് ഡോൾ മറ്റു മാരക ശബ്ദ മലിനീകരണം വരുത്തുന്ന വസ്തുക്കൾ, ഉപകരണങ്ങൾ എന്നിവ ഉപയോഗിക്കരുത്.
6) വിജയാഘോഷ പരിപാടികളുടെ ഭാഗമായി ലോറികളിലും മറ്റും ആളുകളെ അപകടകരമാം വിധം കൊണ്ടുപോകുന്നത് പ്രത്യേകിച്ച് കുട്ടികളെ കൊണ്ടുപോകുന്നത് ഒഴിവാക്കണം.
7) വിജയാഘോഷ പരിപാടികളുടെ ഭാഗമായി ജനങ്ങളുടെ ജീവനും, സ്വത്തിനും അപകടമുണ്ടാക്കുന്ന തരത്തിൽ പടക്കങ്ങൾ, മറ്റു വെടിമരുന്നുകൾ തുടങ്ങിയവ ഉപയോഗിക്കരുത്.
8) വിജയാഘോഷ പരിപാടികളുടെ ഭാഗമായി പൊതുനിരത്തിൽ ബൈക്കുകളിൽ അഭ്യാസ പ്രകടനങ്ങൾ നടത്തുവാനോ അനധികൃതമായി രൂപ മാറ്റം വരുത്തിയ വാഹനങ്ങൾ ഉപയോഗിക്കുവാനോ പാടില്ലാത്തതാണ്.
9) വാഹന ഗതാഗതം തടസ്സപ്പെടുന്ന രീതിയിൽ ആഹ്ളാദ പ്രകടനങ്ങൾ നടത്തരുത്.
10) ഫല പ്രഖ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ സോഷ്യൽ മീഡിയ വഴിയോ മറ്റോ നാട്ടിൽ സമാധാന ലംഘനം ഉണ്ടാക്കുന്ന തരത്തിൽ വ്യക്തികൾ, സംഘടനകൾ, വിശ്വാസങ്ങൾ എന്നിവയെ അപമാനിച്ചു കൊണ്ടുള്ള പ്രസ്താവനകൾ പ്രചരിപ്പിക്കരുത്.
മേൽ പറഞ്ഞ നിർദ്ദേശങ്ങൾ പാലിച്ചു കൊണ്ട് കോഴിക്കോട് റൂറൽ ജില്ലയിലെ ക്രമസമാധാന പാലനവും, പൊതു സമാധാനവും, പൊതുജന സുരക്ഷയും സംരക്ഷിക്കേണ്ടത് അത്യന്താപേക്ഷിതമാകയാൽ കേരള പോലീസ് നിയമത്തിലെ 79 വകുപ്പ് പ്രകാരം എന്നിൽ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് അക്രമങ്ങൾ തടയുന്നതിന് പൊതു സമ്മേളനങ്ങൾ, പ്രകടനങ്ങൾ എന്നിവ നിയന്ത്രിച്ചു കൊണ്ട് ഉത്തരവാകുന്നു.