എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ ട്രോളി ബാഗുകളിൽ കടത്താൻ ശ്രമിച്ച 37 കിലോയിലധികം കഞ്ചാവുമായി രണ്ട് യുവതികളെ റെയിൽവേ പോലീസും ആർപിഎഫും ചേർന്ന് പിടികൂടി. പശ്ചിമ ബംഗാൾ മുർഷിദാബാദ് സ്വദേശിനികളായ സോണിയ സുൽത്താന, അനിത കാത്തൂൻ എന്നിവരാണ് അറസ്റ്റിലായത്.
റെയിൽവേ പോലീസ് എസ്പി അരുൾ ആർ.ബി. കൃഷ്ണ ഐപിഎസിന്റെ നിർദ്ദേശപ്രകാരം പ്ലാറ്റ്‌ഫോമുകളിൽ നടത്തിയ പതിവ് പരിശോധനയ്ക്കിടയിലാണ് പ്രതികൾ വലയിലായത്. ഇന്ന് രാവിലെ 10:30 ഓടെ രണ്ടാം നമ്പർ പ്ലാറ്റ്‌ഫോമിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട യുവതികളെ വനിതാ പോലീസിന്റെ സഹായത്തോടെ തടഞ്ഞുനിർത്തി പരിശോധിക്കുകയായിരുന്നു. ഇവരുടെ കൈവശമുണ്ടായിരുന്ന മൂന്ന് ട്രോളി ബാഗുകളിലായി 37.498 കിലോ കഞ്ചാവാണ് സൂക്ഷിച്ചിരുന്നത്.
റെയിൽവേ പോലീസിന്റെ ഡാൻസാഫ് ടീമും, നോർത്ത് ആർപിഎഫ് പോസ്റ്റ് ഇൻസ്‌പെക്ടർ സുരേഷ് പി. എബ്രഹാമിന്റെ നേതൃത്വത്തിലുള്ള സംഘവും ചേർന്നാണ് പരിശോധന നടത്തിയത്. പിടിയിലായവർ ലഹരിമരുന്ന് സംഘങ്ങളിലെ കാരിയർമാരാണോ എന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. പ്രതികളെ എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കും.