തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ അടയ്ക്കേണ്ട വസ്തുനികുതി കുടിശ്ശികയുടെ പിഴപ്പലിശ 2026 മാർച്ച് 31 വരെ ഒഴിവാക്കിയതായി തദ്ദേശ സ്വയംഭരണ എക്സൈസ് പാർലമെന്ററി കാര്യ വകുപ്പ് മന്ത്രി അറിയിച്ചു. പിഴപ്പലിശ ഉൾപ്പെടെ നികുതി അടച്ചവർക്ക് പിഴപ്പലിശയ്ക്ക് തുല്യമായ തുക അടുത്ത വർഷത്തെ നികുതിയിൽ വരവ് ചെയ്തുനൽകും. പൊതുജനങ്ങൾക്ക് ഏറെ പ്രയോജനപ്രദമായ ഒരു തീരുമാനമാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
മാർച്ച് 31നകം നികുതിയും കുടിശ്ശികയും അടച്ച് ഈ ആനുകൂല്യം പരമാവധി പേർ പ്രയോജനപ്പെടുത്തണമെന്നും മന്ത്രി അഭ്യർത്ഥിച്ചു. കെ സ്മാർട്ട് നടപ്പിലാക്കി കെട്ടിടങ്ങളുടെ നികുതി കൃത്യമായും സുതാര്യമായും നിർണയിക്കാനും, ലോകത്ത് എവിടെയിരുന്നും ഏത് സമയത്തും അടയ്ക്കാനും നിലവിൽ സംവിധാനമുണ്ട്.
മാത്രമല്ല ഏപ്രിൽ മാസത്തിൽ മുൻകൂറായി അതാത് വർഷത്തെ നികുതി ഒടുക്കിയാൽ 5% നികുതിയിളവും സർക്കാർ നൽകുന്നുണ്ട്. ഈ നടപടികളിലൂടെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് നികുതി വരുമാനം വർദ്ധിപ്പിക്കാൻ കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു.