വർഗീയതയും മതവും രണ്ടാണ് എന്ന് അറിയുന്നവർ തന്നെയാണ് ഇങ്ങനെ ചിത്രീകരിക്കുന്നത്. ആർഎസ്എസിന് വേണ്ടി പ്രവർത്തിക്കുന്ന മാധ്യമങ്ങളും ഇതുതന്നെ ചെയ്യുന്നു. ജമാഅത്തെ ഇസ്ലാമിക്കെതിരെ ഉയർത്തുന്ന വിമർശനം മുസ്ലിം വിഭാഗത്തിന് നേരെയാണ് എന്ന് സൃഷ്ടിക്കാനാണ് ചില മാധ്യമങ്ങൾ ശ്രമിക്കുന്നത്. ഇത് തുറന്നു കാണിക്കേണ്ടതുണ്ട്.
മതവിശ്വാസവും വർഗീയതയും രണ്ടാണ് എന്ന യാഥാർത്ഥ്യം നല്ലതുപോലെ മുന്നോട്ടുവയ്ക്കാൻ ഇടതുപക്ഷത്തിനു സാധിക്കും. വർഗീയതക്കെതിരായ പോരാട്ടത്തിൽ എല്ലാ മതവിശ്വാസികളും അണിചേരണം. അങ്ങനെ മാത്രമേ വർഗീയതയെ ഒറ്റപ്പെടുത്താൻ സാധിക്കൂ. വർഗീയതക്കെതിരായ വിശ്വാസികളുടെ പോരാട്ടം വളരെ ഗൗരവമേറിയത് ആണ്.
ഗാന്ധിജിയും ഗോഡ്സെയും തമ്മിലുള്ള വ്യത്യാസമാണ് മതവിശ്വാസിയും വർഗീയതയും തമ്മിലുള്ളത്. തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഒന്നടങ്കം ബിജെപിയിലേക്ക് ചേക്കേറി. സ്റ്റാൻഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസും ബിജെപിയും പലയിടങ്ങളിലും മുന്നേറിയത് ഇങ്ങനെയാണ്. വർഗീയവാദികൾ യഥാർത്ഥത്തിൽ വിശ്വാസികൾ അല്ല, വിശ്വാസത്തെ ആയുധമായി ഉപയോഗിക്കുന്നവർ ആണ്.
ജനകീയ മുന്നേറ്റം ഇതിനെതിരെ സൃഷ്ടിക്കും. വർഗീയതയും മതവിശ്വാസത്തെയും വേർതിരിച്ച് ജനങ്ങൾക്ക് മനസ്സിലാക്കാൻ ഉതകുന്ന തരത്തിൽ ജനുവരി 30ന് ജനകീയ മുന്നേറ്റം നടത്തും.
ജനവാസ മേഖലയിൽ ഉള്ള വന്യജീവി ആക്രമണം ജനങ്ങൾക്ക് വലിയ പ്രയാസം ഉണ്ടാക്കുന്നു. പ്രശ്നം പരിഹരിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകുന്നില്ല. കേന്ദ്ര നിയമത്തിൽ മാറ്റം വരുത്താൻ തയ്യാറാകുന്നില്ല. ഇതിനെതിരായിട്ടുള്ള ബില്ല് നിയമസഭ പാസാക്കി ഗവർണർക്ക് അയച്ചിട്ട് ഏറെ നാളുകളായി. ഗവർണർ അതിൽ തീരുമാനമെടുക്കുന്നില്ല. രാഷ്ട്രപതിക്ക് അയക്കാനും തയ്യാറാകുന്നില്ല. ജനങ്ങളുടെ പ്രശ്നം പരിഹരിക്കാനാണ് നിയമസഭ നിയമം പാസാക്കിയത്. ഇത് തടഞ്ഞുവെക്കുന്നത് ഒരുതരത്തിലും അംഗീകരിക്കാൻ സാധിക്കില്ല. യുഡിഎഫും പ്രതിപക്ഷ പാർട്ടികളും ഒരക്ഷരം പോലും മിണ്ടുന്നില്ല. ഇടതുമുന്നണിയെ കുറ്റപ്പെടുത്തുന്ന സമീപനം മാത്രമാണ് സ്വീകരിക്കുന്നത്. ഗവർണറുടെ നിലപാടിനും കേന്ദ്രത്തിന്റെ നിലപാടിനും എതിരെ ഒരക്ഷരം ഇവർ പറയുന്നില്ല. ജനുവരി 12ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ രക്തസാക്ഷി മണ്ഡപത്തിൽ സത്യാഗ്രഹ സമരം നടത്തും.
വർഗീയതക്കെതിരായി പറഞ്ഞത് പാർട്ടിയുടെ നിലപാടാണ്. ജമാഅത്തെ ഇസ്ലാമി തീവ്രവാദ സംഘടനയാണെന്ന് ഉമ്മൻചാണ്ടി സർക്കാർ സത്യവാങ്മൂലം നൽകിയിട്ടുണ്ട്. അതിനെ നിരോധിക്കണമെന്നും സത്യവാങ്ങ്മൂലത്തിൽ പറയുന്നു. രമേശ് ചെന്നിത്തലയായിരുന്നു അന്ന് ആഭ്യന്തരമന്ത്രി. വി ഡി സതീശൻ അന്ന് അതേ സഭയിലെ എംഎൽഎയായിരുന്നു. മന്ത്രിസഭയിൽ 5 മുസ്ലീം ലീഗുകാർ ഉണ്ടായിരുന്നു. ഇവരുമായി കൂടാൻ ഒരു മടിയും ഇല്ലാത്ത മുന്നണിയാണ് യുഡിഎഫ്. അതിനെതിരെ ആരെങ്കിലും എന്തെങ്കിലും പറയുമ്പോൾ അതിനെ മുസ്ലീങ്ങൾക്ക് എതിരെയുള്ള വിമർശനമായി യുഡിഎഫ് ചിത്രീകരിക്കുന്നു. വിശ്വാസവുമായി വർഗീയതയെ കൂട്ടിക്കെട്ടേണ്ട ആവശ്യം ഇല്ല.
വർഗീയതക്കെതിരായി വിശ്വാസികളെ ഒപ്പം ചേർത്തുകൊണ്ട് മുന്നോട്ടുപോകാൻ എൽഡിഎഫിന് സാധിക്കും. 110 സീറ്റുമായി നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിക്കാൻ സാധിക്കും. മതപരവും ജാതീയവുമായ വേർതിരിവ് വന്നുകൊണ്ടിരിക്കുന്നു. നാട് മാറുകയാണ്. അതിനെയാണ് നമ്മൾ ശക്തമായി എതിർക്കേണ്ടത്. വിശ്വാസികളായ മനുഷ്യരെ ഉപയോഗിച്ച് ഫലപ്രദമായി അതിനെ ഞങ്ങൾ പ്രതിരോധിക്കും എന്നും അദ്ദേഹം പറഞ്ഞു.
ശബരിമല സ്വർണ്ണ മോഷണക്കേസ് വിഷയത്തിലും അദ്ദേഹം പ്രതികരിച്ചു. എസ് ഐ ടി കൃത്യമായി അന്വേഷിക്കട്ടെ.തന്ത്രിയെ അറസ്റ്റ് ചെയ്തപ്പോൾ കോൺഗ്രസിന് പ്രശ്നമാകുന്നു. കോൺഗ്രസ് നേതാക്കളെ എന്തിനാണ് കേസിലെ പ്രതികൾ കാണാൻ പോയത് എന്നത് അവർ ഇപ്പോഴും പറഞ്ഞിട്ടില്ലല്ലോ. തന്ത്രിയുടെ അറസ്റ്റ് ബിജെപിക്ക് കോൺഗ്രസിനും ഉൾക്കൊള്ളാൻ സാധിക്കുന്നില്ല. ഒരാളെയും സംരക്ഷിക്കുന്ന നിലപാട് പാർട്ടിയും സർക്കാരും സ്വീകരിക്കുകയില്ല. കേസിൽ ആരെ വേണമെങ്കിലും എസ്ഐടി പിടിക്കട്ടെ. ഞങ്ങൾക്ക് അതിൽ ഒരു പ്രശ്നവുമില്ല. കേറ്റിയത് കോൺഗ്രസിന്റെ അംഗം ദേവസ്വം ബോർഡ് പ്രസിഡൻറ് ആയിരുന്ന കാലത്താണ്. തന്ത്രിയെ അറസ്റ്റ് ചെയ്തതിൽ സിപിഎമ്മിന് എന്ത് ആശ്വാസം. കൊള്ളയാണ് നടന്നത്, അത് കണ്ടുപിടിക്കേണ്ട ?അതുതന്നെയാണ് ഞങ്ങൾ തുടക്കം മുതൽ ആവശ്യപ്പെട്ടത് എന്നും അദ്ദേഹം പറഞ്ഞു.