Trending

സ്പ്രിംക്ലറില്‍ പ്രതിപക്ഷത്തിന് തിരിച്ചടി: കൊവിഡ് കാലത്ത് ആരോഗ്യവിവരങ്ങള്‍ ചോര്‍ത്തിയെന്ന വാദം നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി

സ്പ്രിംക്ലറില്‍ പ്രതിപക്ഷത്തിന് ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി. കൊവിഡ് കാലത്ത് ആരോഗ്യ വിവരങ്ങള്‍ ചോര്‍ത്തി സ്വകാര്യ കമ്പനിക്ക് കൈമാറിയെന്ന വാദം നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. സർക്കാർ നടപടിയിൽ നിയമവിരുദ്ധതയില്ലെന്നും കോടതി വ്യക്തമാക്കി. വിഡി സതീശന്‍, രമേശ് ചെന്നിത്തല, കെ സുരേന്ദ്രന്‍ എന്നിവരുടെ പൊതുതാല്‍പര്യ ഹര്‍ജികൾ തീര്‍പ്പാക്കിക്കൊണ്ടാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.

കോവിഡ് കാലത്ത് പൗരന്മാരുടെ ആരോഗ്യ വിവരങ്ങൾ ചോർത്തി സ്പ്രിംക്ലർ കമ്പനിക്ക് കൈമാറി എന്നായിരുന്നു പ്രതിപക്ഷ നേതാവ് ഉൾപ്പെടെയുള്ളവരുടെ ഹർജിയിലെ ആരോപണം. ആരോപണം തള്ളിയ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബഞ്ച് ആരോഗ്യ വിവരങ്ങള്‍ ചോര്‍ത്തിയെന്ന വാദം നിലനില്‍ക്കില്ലെന്ന് വ്യക്തമാക്കി.


സര്‍ക്കാര്‍ ആരോഗ്യ വിവരങ്ങള്‍ ശേഖരിച്ചതില്‍ നിയമ വിരുദ്ധതയില്ലന്നും സർക്കാർ നടപടിയിൽ ദുരുദ്ദേശപരമല്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ഇതുവരെ കണ്ടിട്ടില്ലാത്ത വെല്ലുവിളിയായിരുന്നു കൊവിഡ് സാഹചര്യത്തെ നേരിടുക എന്നത്. ആ സാഹചര്യത്തിൽ നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്നതില്‍ സര്‍ക്കാരിനെ കുറ്റം പറയാനാവില്ലെന്നും ഹൈക്കോടതി പറഞ്ഞു. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ബിജെപി നേതാവ് കെ സുരേന്ദ്രന്‍ എന്നിവരുടെ പൊതുതാല്‍പര്യ ഹര്‍ജികൾ തീര്‍പ്പാക്കിക്കൊണ്ടാണ് കോടതി സർക്കാർ നടപടിയെ അംഗീകരിച്ചത്.

സംസ്ഥാന സര്‍ക്കാർ അമേരിക്കന്‍ കമ്പനിയായ സ്പ്രിംക്ലറുമായി ആയി വിവര ശേഖരണ കരാറിൽ ഏർപ്പെട്ടത് കോവിഡ് മഹാമാരി പടർന്ന് പിടിച്ച കാലത്തായിരുന്നു. 1.75 ലക്ഷം ആളുകളുടെ ആരോഗ്യ വിവരങ്ങള്‍ ശേഖരിക്കാനും വിശകലനം ചെയ്യാനും തുടർ നടപടികൾക്കുമായി സ്പ്രിംക്ലര്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം ഒരുക്കി നല്‍കി. കരാറിനെതിരെ ആരോപണം ഉന്നയിച്ചതിനൊപ്പം പ്രതിപക്ഷം ഹൈക്കോടതിയേയും സമീപിച്ചു. ശേഖരിച്ച വിവരങ്ങള്‍ സ്പ്രിംക്ലര്‍ കമ്പനി ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ട് എന്നായിരുന്നു ആരോപണം.


രാഷ്ട്രീയ വിവാദത്തെ തുടര്‍ന്ന് സര്‍ക്കാര്‍ സ്പ്രിംക്ലറുമായുള്ള കരാറില്‍ നിന്ന് പിന്മാറിയിരുന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് കാലത്ത് സർക്കാരിനെതിരെ പ്രതിപക്ഷത്തിൻ്റെ പ്രധാന പ്രചരണങ്ങളിൽ ഒന്ന് സ്പ്രിംഗ് ള ർ കരാറായിരുന്നു. ആരോപണങ്ങളുടെ എല്ലാം മുന ഒടിക്കുന്നതായി ഹൈക്കോടതി ഡിവിഷൻ ബഞ്ചിൻ്റെ ഉത്തരവ്.





Post a Comment

Previous Post Next Post