ആധാറിന് പുതിയ മുഖം നല്‍കി യൂണിക് ഐഡന്റിറ്റി അതോരിറ്റി ഓഫ് ഇന്ത്യ (UIDAI). ആധാര്‍ സേവനങ്ങളുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്കിടയിലുള്ള ആശയം ശക്തമാക്കാനും ആധാറുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൂടുതല്‍ ലളിതമാക്കാനും ആധാര്‍ കൂടുതല്‍ ജനകീയമാക്കാനുമാണ് ഈ പുതിയ മുഖം. ഉദയ് എന്നാണ് ആധാറിന്റെ പുതിയ ഔദ്യോഗിക ചിഹ്നത്തിന് പേരിട്ടിരിക്കുന്നത്. ഒരു മലയാളിയാണ് ആധാറിന്റെ പുതിയ മുഖം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. തൃശൂര്‍ സ്വദേശിയായ അരുണ്‍ ഗോകുലിന്റേതാണ് ഉദയ്‌യുടെ ഡിസൈന്‍. 875 മത്സരാര്‍ഥികളില്‍ നിന്നാണ് അരുണ്‍ തിരഞ്ഞെടുക്കപ്പെട്ടത്. യൂണിക് ഐഡന്റിറ്റി അതോരിറ്റി ഓഫ് ഇന്ത്യ ചെയര്‍മാന്‍ നീലകണ്ഠ് മിശ്രയാണ് ചിഹ്നം അനാവരണം ചെയ്തത്.
ആധാര്‍ സേവനങ്ങളുമായി ബന്ധപ്പെട്ട സങ്കീര്‍ണ പ്രക്രിയകള്‍ ഉള്‍പ്പെടെ പരമാവധി ലളിതമാക്കി ഓരോ ജനങ്ങളിലേക്കുമെത്തിക്കാനുള്ള ഒരു ഉപകരണമായാണ് യുഐഡിഎഐ ഉദയ് മാസ്‌കോട്ടിനെ ഉപയോഗിക്കുക. ആധാര്‍ അപ്‌ഡേറ്റ് ചെയ്യേണ്ടതെങ്ങനെ? ആധാര്‍ സുരക്ഷിതമായി ഉപയോഗിക്കേണ്ടതിന്റേയും ആധാര്‍ സ്വന്തമാക്കേണ്ടതിന്റേയും പ്രാധാന്യമെന്ത്? വിവരങ്ങള്‍ പങ്കിടേണ്ടത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ എന്തൊക്കെ? വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കേണ്ടതിന്റെ നടപടി ക്രമങ്ങള്‍ എന്ത് തുടങ്ങിയ സുപ്രധാന വിവരങ്ങള്‍ കൂടുതല്‍ ലളിതമാക്കി കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കുകയാണ് യുഐഡിഎഐയുടെ ലക്ഷ്യം.
ആധാര്‍ മാസ്‌കോട്ട് ഡിസൈന്‍ ചെയ്യാനായി മൈഗവ് പ്ലാറ്റ്‌ഫോമിലൂടെയാണ് മത്സരം സംഘടിപ്പിച്ചത്. ആകെ 875 പേരാണ് മത്സരത്തിനുണ്ടായിരുന്നത്. മാസ്‌കോട്ടിന് പേര് നിര്‍ദേശിക്കാനുള്ള മത്സരത്തില്‍ ഭോപ്പാല്‍ സ്വദേശിയായ റിയ ജെയിന്‍ ഒന്നാം സമ്മാനം നേടി.