കോഴിക്കോട്: റാപ്പർ വേടനും എഴുത്തുകാരി നവമി ലതയുമായിട്ടുള്ള വിവാഹം ഈ മാസം 24 ന് തൃശൂരിൽ വച്ച് നടക്കും. ചെറിയ ചടങ്ങിൽ വച്ച് രജിസ്റ്റർ വിവാഹമായിരിക്കുമെന്നും വേടൻ തന്നെയാണ് പറഞ്ഞത്. തദ്ദേശസ്വയം ഭരണ വകുപ്പിന്റെ ഹാപ്പിനസ് ഫെസ്റ്റിവലിൽ തളിപ്പിറമ്പിൽ വച്ചായിരുന്നു പ്രഖ്യാപനം.
പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ വേടനെ പൊന്നാടയണിയിച്ച് ആദരിക്കുന്നതിനിടയിൽ എം.വി ഗോവിന്ദനാണ് വേടന്റെ വിവാഹക്കാര്യം ആദ്യം പങ്കുവെച്ചത്. പിന്നീട് മറുപടി പ്രസംഗത്തിൽ വേടനും വിവാഹക്കാര്യം സ്ഥിരീകരിച്ചു.'മാഷ് പറഞ്ഞതുപോലെ 24-ാം തിയ്യതി ഞാൻ രജിസ്റ്റർ മാര്യേജ് ചെയ്യാൻ പോവുകയാണ്. എന്റെ കല്ല്യാണമാണ്' എന്നാണ് വേടൻ പറഞ്ഞത്.
എഴുത്തുകാരി നവമിലതയും വേടനും ഏറെക്കാലമായി പ്രണയത്തിലാണ്. പല പൊതുവേദികളിലും ഇരുവരും ഒന്നിച്ച് പങ്കെടുക്കാറുണ്ട്. മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന സർക്കാർ പുരസ്‌ക്കാരം ഏറ്റുവാങ്ങാൻ എത്തിയപ്പോഴും വേടനൊപ്പം നവമിലത ഉണ്ടായിരുന്നു.