കോഴിക്കോട്: ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാതക്ക് ഫൈനൽ ക്ലിയറൻസ് ലഭിച്ചതായി പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. തന്റെ സാമൂഹിക മാധ്യമ അക്കൗണ്ട് വഴിയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
'അതിവേഗ നിർമാണം പുരോഗമിക്കുന്ന കേരളത്തിന്റെ സ്വപ്ന പദ്ധതിയായ ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാതക്ക് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ സ്റ്റേജ് 2 ക്ലിയറൻസ് കൂടി ലഭ്യമായിരിക്കുകയാണ് എന്ന സന്തോഷ വിവരം പങ്കുവെക്കട്ടെ. തുരങ്കപാത നിർമാണവുമായി ബന്ധപ്പെട്ട ഫൈനൽ ക്ലിയറൻസ് ആണ് ഇപ്പോൾ ലഭ്യമായിരിക്കുന്നത്'. മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
2025 ആഗസ്റ്റ് 31നാണ് കേരള മുഖ്യമന്ത്രി പിണറായി വിജയൻ തുരങ്കപാതയുടെ നിർമാണ പ്രവർത്തികൾ ഉദ്ഘാടനം ചെയ്തത്. വയനാട് താമരശ്ശേരി ചുരം പാതക്ക് ബദലായി മലയോര ജനതയും സഞ്ചാരികളും ഏറെനാളായി കാത്തിരിന്ന ഗതാഗത പാതയാണിത്. മറിപ്പുഴ (കോഴിക്കോട്) മുതൽ മീനാക്ഷി പാലം (വയനാട്) വരെ അപ്രോച്ച് റോഡ് ഉൾപ്പെടെ 8.73 കിലോമീറ്റർ ദൈർഘ്യമുള്ള തുരങ്കപാതയുടെ 8.11 കിലോമീറ്റർ ദൂരം ഇരട്ട തുരങ്കങ്ങളാണ്. പദ്ധതിയിൽ ഇരുവഴഞ്ഞിപ്പുഴക്ക് കുറുകെ രണ്ട് പ്രധാന പാലങ്ങളും മറ്റ് മൂന്ന് ചെറുപാലങ്ങളും ഉൾപ്പെടും. ആറ് വളവുകളുള്ള റൂട്ടിൽ ഓരോ 300 മീറ്ററിലും ഇരട്ട തുരങ്കങ്ങളെ ബന്ധിപ്പിക്കുന്ന പാതയും (ക്രോസ് പാസേജ്) ഉണ്ടാവും.
പദ്ധതിക്കായി 33 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കുന്നത്. 5771 മീറ്റർ വനമേഖലയിലൂടെയും 2964 മീറ്റർ സ്വകാര്യഭൂമിയിലൂടെയുമാണ് തുരങ്കപാത കടന്നുപോകുന്നത്. പദ്ധതി പൂർത്തിയായാൽ കോഴിക്കോട്-വയനാട് ഗതാഗതം സുഗമമാവുമെന്നാണ് പ്രതീക്ഷ. യാത്രാസമയം കുറയുകയും വിനോദസഞ്ചാര-വ്യാപാര മേഖലകൾക്ക് ഉണർവ് ലഭിക്കുമെന്നും കരുതുന്നു.