താമരശ്ശേരി : സമൂഹത്തിൻ്റെ നാനാ തുറകളിലും ജനക്ഷേമകരമായ പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്നതോടൊപ്പം സംസ്ഥാന ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പള പരിഷ്കരണം നടപ്പിലാക്കുവാൻ കമ്മീഷനെ നിയമിക്കുകയും ഡിഎ ഉൾപ്പടെ അർഹമായ ആനുകൂല്യങ്ങൾ നൽകുന്നതിന് നടപടിയെടുത്ത എൽഡിഎഫ് സർക്കാറിൻ്റെ ബദൽ നയങ്ങൾക്ക് ശക്തി പകരുവാൻ ജോയിൻ്റ് കൗൺസിൽ താമരശ്ശേരി മേഖലാ സമ്മേളനം ആഹ്വാനം ചെയ്തു.
താമരശ്ശേരി പബ്ലിക് ലൈബ്രറി ഹാളിൽ നടന്ന സമ്മേളനം ജോയിൻ്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം രാകേഷ് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡണ്ട് വിനോദ് ജോർജ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി സുനിൽ കുമാർ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. മേഖലാ ജോയിൻ്റ് സെക്രട്ടറി സി ധന്യ പ്രവർത്തന റിപ്പോർട്ടും മേഖലാ ട്രഷറർ അരുൺകുമാർ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.
ജോയിൻ്റ് കൗൺസിൽ ജില്ലാ വൈസ് പ്രസിഡണ്ട് കെ പി ദീപ്തി, ജില്ലാ വനിതാ കമ്മിറ്റി സെക്രട്ടറി ഐ ടി മിനി എന്നിവർ സംസാരിച്ചു. ജോയിൻ്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിവരുന്ന ''വിശക്കരുതാർക്കും ''സാന്ത്വന പദ്ധതിയിലേക്ക് സമ്മേളനത്തിൽ നിന്നും സമാഹരിച്ച തുക സംസ്ഥാന സെൻ്ററിന് കൈമാറി.
വില്ലേജ് ഫീൽഡ് അസിസ്റ്റൻ്റ്മാരുടെ സ്പെഷ്യൽ റൂൾസ് നടപ്പിലാക്കുക, അഷ്വർഡ് പെൻഷനിൽ ജീവനക്കാരുടെ വിഹിതം പിടിക്കുന്നത് നിർത്തലാക്കുക തുടങ്ങിയ പ്രമേയങ്ങൾ സമ്മേളനം അംഗീകരിച്ചു.
ഭാരവാഹികൾ : വിനോദ് ജോർജ് ( പ്രസി.), പി സജി, ഒ കെ അബൂബക്കർ ( വൈ. പ്രസി.), സി കെ സന്തോഷ് കുമാർ (സെക്ര.), പി ലീന, മിനി (ജോ. സെക്ര.) അരുൺ കുമാർ (ട്രഷ.)
പി കെ ശ്രീജ (പ്രസിഡണ്ട് വനിതാ കമ്മിറ്റി, സി ധന്യ ( വനിതാ കമ്മിറ്റി സെക്രട്ടറി). ശ്രീകുമാർ നന്ദി പറഞ്ഞു.