തൃക്കരിപ്പൂരില് യു.ഡി.എഫ് സ്ഥാനാര്ഥിയായ സന്ദീപ് വാര്യര് മണ്ഡലത്തിലെത്തിയ ശേഷം പ്രതികരണമെടുത്തു മടങ്ങുകയായിരുന്ന മാധ്യമപ്രവര്ത്തകര്ക്ക് നേരെയുണ്ടായ കൈയ്യേറ്റത്തില് കേരള പത്രപ്രവര്ത്തക യൂണിയന് ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. മനോരമ ന്യൂസ് റിപ്പോര്ട്ടര് മനു മാത്യു, ക്യാമറമാന് ധനേഷ് എന്നിവരെയാണ് കൈയ്യേറ്റം ചെയ്തത്. ഇവര് ആശുപുത്രിയില് ചികിത്സ തേടിയിട്ടുണ്ട്.
മാധ്യമപ്രവര്ത്തകരെ യു.ഡി.എഫ് പ്രവർത്തകർ പിടിച്ചു തള്ളി കൈയ്യേറ്റം ചെയ്യുകയായിരുന്നു. അഞ്ഞൂറോളം പ്രവര്ത്തകര് സ്വീകരണ പരിപാടിക്കെത്തിയിരുന്നു. ദൃശ്യങ്ങള് പകര്ത്തുന്നതിനിടെ അസഭ്യവര്ഷമുണ്ടായതായും മാധ്യമപ്രവര്ത്തകര് പറഞ്ഞു.
ജനാധിപത്യത്തിൽ സുപ്രധാനമായ തെരഞ്ഞെടുപ്പ് പ്രവര്ത്തനങ്ങളുടെ വാര്ത്തകള് ജനങ്ങളിലേക്കെത്തിക്കുന്നവരാണ് മാധ്യമപ്രവര്ത്തകര്. അവരുടെ ജോലി തടസപ്പെടുത്തും വിധമുള്ള പ്രവൃത്തികള് ജനാധിപത്യത്തിന് ഭൂഷണമല്ലെന്നും ഇങ്ങനെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില് ഗുണ്ടായിസം കാണിക്കുന്ന പ്രവര്ത്തകരെ മാറ്റി നിര്ത്താനും നടപടിയെടുക്കാനും ബന്ധപ്പെട്ട പാര്ട്ടി നേതൃത്വങ്ങള് തയ്യാറാകണമെന്നും പത്രപ്രവര്ത്തക യൂണിയന് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.