പൂനെ നഗരത്തിലെ ശിവാജി റോഡിൽ ഭൂഗർഭ മെട്രോ തുരങ്കത്തിന് മുകളിൽ അനധികൃതമായി കുഴൽക്കിണർ കുഴിച്ചതിനെത്തുടർന്ന് മെട്രോ പാതയ്ക്ക് ഗുരുതരമായ കേടുപാടുകൾ. യാതൊരു അനുമതികളും വാങ്ങാതെ ഒരു റസിഡൻഷ്യൽ കെട്ടിടത്തിൽ കുത്തിയ കുഴൽ കിണർ ആണ് മെട്രോ തുരങ്ക പാത തകർത്തത്. സംഭവത്തിൽ വീട്ടുടമസ്ഥനും കുഴൽക്കിണർ കരാറുകാരനും അറസ്റ്റിലായി.
ഉപരിതലത്തിൽ നിന്ന് ഏകദേശം 80 മുതൽ 100 അടി വരെ താഴ്ചയിലുള്ള മെട്രോ തുരങ്കത്തിന്റെ കോൺക്രീറ്റ് പാളികൾ തകർത്താണ് ഡ്രില്ലിംഗ് മെഷീൻ അകത്തേക്ക് കടന്നത്. ഇതേത്തുടർന്ന് തുരങ്കത്തിനുള്ളിൽ ആറിഞ്ച് വ്യാസമുള്ള ദ്വാരമുണ്ടാകുകയും ട്രാക്കിലേക്ക് വെള്ളം ഒഴുകുകയും ചെയ്തു. ശിവാജിനഗർ - സ്വാർഗേറ്റ് പാതയിലെ മണ്ടായി സ്റ്റേഷന് സമീപമുള്ള തുരങ്കത്തിലാണ് വിള്ളലുണ്ടായത്. മെട്രോ പാത കടന്നുപോകുന്ന സ്ഥലത്തിന് 50 മീറ്റർ ചുറ്റളവിൽ (Influence Zone) ഏതെങ്കിലും തരത്തിലുള്ള ഖനനമോ നിർമ്മാണമോ നടത്താൻ മഹാമെട്രോയുടെ മുൻകൂർ അനുമതി ആവശ്യമാണ്. എന്നാൽ ഈ മാനദണ്ഡങ്ങളെല്ലാം ലംഘിച്ചാണ് ബോർവെൽ നിർമ്മാണം നടന്നത്...