താമരശ്ശേരി: മുഖ്യമന്ത്രി പിണറായി വിജയന് നന്ദി അറിയിച്ച് കാരാട്ട് റസാഖ് കത്തയച്ചു.മദ്രസ അധ്യാപക ബോർഡ് അംഗത്വവും, ചെയർമാൻ സ്ഥാനവും നൽകി പരിഗണിച്ചതിന് നന്ദി അറിയിച്ചു കൊണ്ട് തൽസ്ഥാനം രാജിവെക്കുന്നതായി കാണിച്ച് മുഖ്യമന്ത്രിക്കയച്ച കത്തിലാണ് നന്ദി പ്രകാശിപ്പിച്ചത്. താൻ 10 കൊല്ലമായി നരഗത്തിലായിരുന്നെന്നും, ലീഗിൽ വീണ്ടും അംഗത്വമെടുത്തതോടെ സ്വർഗ്ഗത്തിൽ എത്തിയതായും കഴിഞ്ഞ ദിവസം പാണക്കാട് വെച്ച് മാധ്യമങ്ങളോട് നടത്തിയ പ്രതികരണത്തിൽ കാരാട്ട് റസാഖ് വ്യക്തമാക്കിയിരുന്നു. തന്നെ കെട്ടിയിട്ടാണ് എൽഡിഎഫിലേക്ക് കൊണ്ടുപോയതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
മുഖ്യമന്ത്രിക്ക് അയച്ച കത്തിൻ്റെ പൂർണ രൂപം താഴെ.
2024 മാർച്ച് 13ന് കേരള സർക്കാർ ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിലുള്ള കേരള മദ്രസ അദ്ധ്യാപക ക്ഷേമനിധി ബോർഡിൻ്റെ അംഗത്വവും തുടർന്ന് ബോർഡിൻ്റെ ചെയർമാനും ആക്കി എന്നെ നിയോഗിച്ചിരുന്നു.രണ്ട് വർഷത്തെ പ്രവർത്തന കാലയളവിൽ ഇതുമായി ബന്ധപ്പെട്ട് മാതൃകാ പരമായ പ്രവർത്തനങ്ങൾ എൻ്റെ കഴിവിൻ്റെ പരമാവധി ചെയ്യുവാൻ സാധിച്ചിട്ടുണ്ട്. വ്യക്തിപരമായ കാരണങ്ങളാൽ ബോർഡിലെ അംഗത്വവും ചെയർമാൻ പദവിയും ഇന്നേ ദിവസം രാജി വെച്ചിരിക്കുകയാണ്.
ഇതിന് അവസരം നൽകിയ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയനോട് നന്ദി രേഖപ്പെടുത്തുകയാണ്. രണ്ട് വർഷക്കാലത്തെ സേവന വേളയിൽ എനിക്ക് എല്ലാ പിന്തുണയും സഹായങ്ങളും നൽകിയ വകുപ്പ് മന്ത്രി, ഉദ്യോഗസ്ഥർ ബോർഡിലെ സഹ മെമ്പർമാർ, ഓഫീസ് ജീവനക്കാർ തുടങ്ങിയവരോടുള്ള നന്ദിയും കടപ്പാടും അറിയിക്കുന്നു.
കാരാട്ട് റസാഖ്