വണ്ടൂർ: വണ്ടൂർ-കാളികാവ് റോഡിൽ നിംസ് ഹോസ്പിറ്റലിന് സമീപമുള്ള ഫ്രൂട്ട്സ് കടയ്ക്ക് സമീപം വൻ തീപിടുത്തം. അപകടത്തിൽ നിർത്തിയിട്ടിരുന്ന ഒരു കാറും, ബൈക്കും, ഗുഡ്സ് ഓട്ടോയും പൂർണ്ണമായും കത്തിനശിച്ചു. ഇന്ന് ഉച്ചയോടെയാണ് സംഭവം. കടയ്ക്ക് സമീപത്ത് നിന്നും പെട്ടെന്ന് തീ പടരുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് തിരുവാലിയിൽ നിന്നും ഫയർഫോഴ്സ് സ്ഥലത്തെത്തി. അഗ്നിശമന സേനയുടെയും നാട്ടുകാരുടെയും ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കിയത്.
അപകടത്തിൽ ആർക്കും പരിക്കുകളില്ല എന്നത് ആശ്വാസകരമാണ്. തീപിടുത്തത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം സംഭവിച്ചതായാണ് പ്രാഥമിക കണക്കുകൾ സൂചിപ്പിക്കുന്നത്.