Trending

പാമ്പുകടി; 108 ൽ അടിയന്തിര സേവനം ലഭിക്കും, പാമ്പുകളെ പിടികൂടാൻ വിദഗ്ധരുടെ നമ്പറിൽ വിളിക്കുക.

പാമ്പുകടിയേറ്റാല്‍ സമയബന്ധിതമായ പ്രഥമ ശുശ്രൂഷയും വിദഗ്ധ ചികിത്സയും അത്യാവശ്യമാണ്. 

പാമ്പുകടിയേറ്റാല്‍ 108 നമ്പരിലേക്ക് വിളിച്ചാല്‍ പ്രഥമ ശുശ്രൂഷയും വിദഗ്ധ ചികിത്സയും ഉറപ്പാക്കാം. കനിവ് 108 ആംബുലന്‍സ് വഴി ആന്റി സ്‌നേക്ക് വെനം ഉള്ള ആശുപത്രികളില്‍ കൃത്യമായി എത്തിക്കും. കനിവ് 108 ആംബുലന്‍സിലുള്ള പരിചയ സമ്പന്നരായ എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ വഴി പ്രഥമ ശുശ്രൂഷയും നിരീക്ഷണവും ഉറപ്പാക്കാനാകും. നിലവില്‍ 146 ആശുപത്രികളില്‍ ആന്റിവെനം ലഭ്യമാണ്. രോഗ ലക്ഷണങ്ങളും ലാബ് പരിശോധനകളും അടിസ്ഥാനമാക്കി പ്രോട്ടോകോള്‍ പ്രകാരമാണ് ആന്റി സ്‌നേക്ക് വെനം നല്‍കുന്നത്. എല്ലാ ആശുപത്രികളും പ്രോട്ടോകോള്‍ പ്രകാരമുള്ള ചികിത്സ ഉറപ്പാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

· വാഹനം വരുന്നത് വരെ പാമ്പുകടിയേറ്റയാള്‍ 108 ടീമിന്റെ ഉപദേശമനുസരിച്ച് പ്രവര്‍ത്തിക്കുക.
· പാമ്പുകടിയേറ്റയാളെ ശാന്തനാക്കുക. ഭീതി ഉണ്ടാക്കിയാല്‍ രക്തത്തിലൂടെ വിഷം പെട്ടെന്ന് പടരും.
· അനാവശ്യ ചലനം ഒഴിവാക്കുക. കടിയേറ്റ ഭാഗം അനക്കാതിരിക്കുക. പ്രത്യേകിച്ചും കടിയേറ്റ വ്യക്തിയെ ഓടാനോ നടക്കാനോ അനുവദിക്കാതെ എടുത്തോ, സ്ട്രച്ചറില്‍ കിടത്തിയോ ആശുപത്രിയില്‍ എത്തിക്കുക.
· മുറിവ് ഒരിക്കലും അമിതമായി മുറുക്കിക്കെട്ടരുത്.
· എത്രയും വേഗം ആശുപത്രിയില്‍ എത്തിക്കുകയാണ് പ്രധാനം.

​പ്രജനന കാലവുമായി ബന്ധപ്പെട്ട, പാമ്പുകളുടെ വർദ്ധിച്ച സാന്നിധ്യവും ഉഷ്ണവും അവ രാത്രികാലങ്ങളിൽ ജനവാസമേഖലകളിലേക്ക് എത്താൻ ഇപ്പോൾ കൂടുതൽ കാരണമാകുന്നുണ്ട്. ഈ സാഹചര്യത്തിൽ പാമ്പുകടി ഒഴിവാക്കാനും മരണം തടയാനും ആവശ്യമായ മുൻകരുതലുകൾ നാം സ്വീകരിക്കണം. 

​വീടിനു ചുറ്റുമുള്ള പൊത്തുകൾ, എലികളെ ആകർഷിക്കുന്ന മാലിന്യങ്ങൾ, കാടുകൾ, തടിക്കൂട്ടങ്ങൾ, വീടിന് പുറത്ത് സൂക്ഷിച്ചിട്ടുള്ള ഷൂസുകൾ എന്നിവ ഒഴിവാക്കി പാമ്പുകളുടെ താവളങ്ങൾ ഇല്ലാതാക്കുക. രാത്രി സഞ്ചാരത്തിന് വെളിച്ചം ഉറപ്പാക്കണം. ശുചിമുറികൾ ഉപയോഗിക്കുമ്പോഴും രാത്രി നിലത്ത് കിടന്നുറങ്ങുമ്പോഴും പ്രത്യേക ജാഗ്രത പാലിക്കണം.

​ഏത് പാമ്പുകടിയും വിഷമുള്ളതാണെന്ന് കരുതി ചികിത്സ തേടണം. രോഗിയെ സമാശ്വസിപ്പിക്കുന്നത് പരിഭ്രമം കുറയ്ക്കാനും രക്തചംക്രമണം വേഗത്തിലാകാതിരിക്കാനും സഹായിക്കും.
​രോഗിയെ എത്രയും വേഗം, കടിച്ച ഭാഗം അനക്കാതെ ആന്റിവെനം ലഭ്യമായ ആശുപത്രിയിൽ എത്തിക്കുക എന്നതാണ് ഏറ്റവും പ്രധാനം. കടിയേറ്റ ഭാഗത്ത് മുറിവുണ്ടാക്കാനോ, കെട്ടാനോ, പച്ചമരുന്നുകൾ ഉപയോഗിക്കാനോ പാടില്ല. പാമ്പിനെ പിടിക്കാൻ സമയം കളയരുത്; ലക്ഷണങ്ങളും രക്തപരിശോധനയും വഴിയാണ് ഡോക്ടർക്ക് ചികിത്സ നിശ്ചയിക്കുന്നത്, കടിച്ച പാമ്പിൻറെ തരം നോക്കിയിട്ടല്ല.
​താലൂക്ക് ആശുപത്രി മുതൽ മെഡിക്കൽ കോളേജ് വരെയുള്ള സർക്കാർ ആശുപത്രികളിൽ ആന്റിവെനം ലഭ്യമാണ്. വിഷത്തെ നിർവീര്യമാക്കാൻ ശാസ്ത്രീയമായ ആന്റിവെനം ചികിത്സയ്ക്ക് മാത്രമേ സാധിക്കൂ. അതിനാൽ മറ്റ് വ്യാജചികിത്സകൾ തേടി സമയം കളയുന്നത് അപകടകരമാണ്.

2030 ഓടുകൂടി ​പാമ്പുകടി മരണങ്ങൾ പൂജ്യം ആക്കുക എന്നത് നമ്മുടെ പ്രഖ്യാപിത ലക്ഷ്യമാണ്. വനം-ആരോഗ്യ വകുപ്പുകൾ സംയുക്തമായി ഇതിനായി പ്രവർത്തിച്ചുവരുന്നു. വനംവകുപ്പിന്റെ 'സർപ്പ' (SARPA) ആപ്പ് വഴി റെസ്ക്യൂവർമാരുടെ സേവനവും ചികിത്സാ കേന്ദ്രങ്ങളും കണ്ടെത്താം.
​ശാസ്ത്രീയമായ അറിവും കൃത്യസമയത്തുള്ള ചികിത്സയും വഴി പാമ്പുകടി മരണങ്ങൾ നമുക്ക് പൂർണ്ണമായും ഇല്ലാതെയാക്കാം. ഇതിനായി നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം.
T News

working in the field of advertising and printing

Post a Comment

Previous Post Next Post