Trending

ഫാ. മാത്യു മറ്റക്കോട്ടിൽ (80) നിര്യാതനായി


താമരശ്ശേരി : താമരശ്ശേരി രൂപതാംഗം ഫാ. മാത്യു മറ്റക്കോട്ടിൽ (80) നിര്യാതനായി. ഈരൂട് വിയാനി വൈദിക വിശ്രമ മന്ദിരത്തിൽ വിശ്രമജീവിതം നയിച്ചു വരികയായിരുന്നു.


1946 ഫെബ്രുവരി 27ന് പാലാ രൂപതയിലെ മുട്ടുചിറ പരേതരായ മറ്റക്കോട്ടിൽ മാത്യു എം. - ഏലിക്കുട്ടി ദമ്പതികളുടെ ഏഴുമക്കളിൽ ഒന്നാമനായി ജനിച്ചു. പാലക്കര, മുട്ടുചിറ എന്നിവടങ്ങളിൽ പ്രാഥമിക വിദ്യാഭ്യാസവും കാട്ടാംപാക്ക് എൻ.എസ്.എസ്. ഹൈസ്ക്കൂളിൽ ഹൈസ്ക്കൂൾ വിദ്യാഭ്യാസവും പൂർത്തിയാക്കിയ ശേഷം തലശ്ശേരി രൂപതയുടെ സെന്റ് ജോസഫ്സ് മൈനർ സെമിനാരിയിൽ സെമിനാരി പഠനം ആരംഭിച്ചു. തുടർന്ന് തത്വശാസ്ത്രവും ദൈവശാസ്ത്രവും  ആലുവ സെന്റ് ജോസഫ്സ് മേജർ സെമിനാരിയിൽ നിന്നും പൂർത്തിയാക്കി. 1970 ജിസംബർ 19ന് ഇടവക ദൈവാലയമായ മുട്ടുചിറ പള്ളിയിൽ വെച്ച്, തലശ്ശേരി രൂപതയുടെ പ്രഥമ മെത്രാനായ അഭിവന്ദ്യ സെബാസ്റ്റ്യൻ വള്ളോപ്പിള്ളി പിതാവിൽ നിന്ന് വൈദികപട്ടം സ്വീകരിക്കുകയും പ്രഥമ ദിവ്യബലിയർപ്പിക്കുകയും ചെയ്തു. 
1971ൽ സുൽത്താൻ ബത്തേരി ഇടവകയിൽ അസിസ്റ്റന്റ് വികാരിയായി അജപാലന ദൗത്യം ആരംഭിച്ച മാത്യു അച്ചൻ, പയ്യനാട്, മഞ്ചേരി, കുണ്ടുതോട്, തിരുമേനി, മേരിക്കുന്ന്, താമരശ്ശേരി കത്തീഡ്രൽ, കൂരാച്ചുണ്ട്, കൂമംകുളം, വാണിയമ്പലം എന്നീ ഇടവകകളിൽ വികാരിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1992ൽ താമരശ്ശേരി രൂപത കോർപ്പറേറ്റ് എഡ്യുക്കേഷൻ ഏജൻസിയുടെ അസിസ്റ്റന്റ് മാനേജരായും 1993 മുതൽ 1999 വരെ കോർപ്പറേറ്റ് മാനേജരായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
2021 ൽ ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിച്ച് ഈരൂട് വിയാനി വൈദിക മന്ദിരത്തിൽ വിശ്രമ ജീവിതം നയിക്കുകയായിരുന്നു ബഹു. മാത്യു അച്ചൻ. സി. ഡോ. ആനി മേരി ടഒ, നെടുങ്കുന്നം, (Late) തങ്കമ്മ നാടുകാണിയിൽ, കുടക്കച്ചിറ, വത്സമ്മ പാലായിൽ, കുടക്കച്ചിറ, സി. ഡോ. അമ്മിണി മാത്യു IMA ഷിമോഗ, ജോണിച്ചൻ മാത്യു, മുട്ടുചിറ, (Late) സണ്ണിച്ചൻ മാത്യു, മുട്ടുചിറ, ടോമിച്ചൻ മാത്യു, മഞ്ചേരി എന്നിവർ സഹോദരങ്ങളാണ്.
പ്രിയപ്പെട്ട മാത്യു മറ്റക്കോട്ടിൽ അച്ചന്റെ ഭൗതിക ദേഹം അന്തിമോപചാരങ്ങൾക്കായി ചൊവ്വാഴ്ച (28.04.2026) വൈകുന്നേരം 4.00 മണി മുതൽ ഇൗരൂട് വിയാനി വൈദിക മന്ദിരത്തിൽ പൊതുദർശനത്തിന് വെക്കുന്നതാണ്. ബുധനാഴ്ച (29.04.2026) രാവിലെ 11.00 മണിക്ക് അഭിവന്ദ്യ   ജോർജ്ജ് വലിയമറ്റം പിതാവിന്റെ മുഖ്യ കാർമ്മികത്വത്തിൽ വി. കുർബാന ഉണ്ടായിരിക്കും. തുടർന്ന് ഭൗതിക ദേഹം പാലാ രൂപതയിലെ മുട്ടുചിറയുള്ള കുടുംബവീടായ ജോണിച്ചൻ മാത്യു മറ്റക്കോട്ടിലിന്റെ ഭവനത്തിലേക്ക് കൊണ്ടുപോകുന്നതായിരിക്കും. മൃതസംസ്കാര ശുശ്രൂഷകൾ വ്യാഴാഴ്ച (30.04.2026) ഉച്ചകഴിഞ്ഞ് 01.30 മണിക്ക് ഭവനത്തിൽ ആരംഭിച്ച്, 2.30ന് താമരശ്ശേരി രൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ മാർ റെമീജിയോസ് ഇഞ്ചനാനിയിൽ പിതാവിന്റെ മുഖ്യ കാർമ്മികത്വത്തിൽ വി. കുർബാനയോടെ മുട്ടുചിറ ഹോളി ഗോസ്റ്റ് ദൈവാലയ സെമിത്തേരിയിൽ നടത്തുന്നതാണ്.
റോമ 4, 8 ൽ പറയുന്നതുപോലെ "കർത്താവ് കുറ്റം ചുമത്താത്തവൻ ഭാഗ്യവാൻ' എന്ന ആപ്തവാക്യത്തിൽ അടിയുറച്ച് ജീവിച്ചിരുന്ന മാത്യു മറ്റക്കോട്ടിലച്ചൻ കുടിയേറ്റത്തിന്റെ ആദ്യനാളുകളിൽ അസൗകര്യങ്ങൾ മാത്രം കൈമുതലുണ്ടായിരുന്ന ഇടവകകളിൽ തന്റെ ശക്തമായ നേതൃത്വവും കഠിനാദ്ധ്വാനവും കൊണ്ട് ഇടവകജനത്തെ മുന്നോട്ട് നയിച്ച അജപാലകനായിരുന്നു. തന്റെ പിതാവിന്റെ സന്നിധിയിലേക്ക് യാത്രയായ ബഹു. മാത്യു അച്ചന് താമരശ്ശേരി രൂപതയുടെ അശ്രുപൂജ.
T News

working in the field of advertising and printing

Post a Comment

Previous Post Next Post