പന്നൂർ: കളരി പരിശീലന മേഖളലയില്‍ 65 വര്‍ഷം പിന്നിട്ട ഉസ്താദ് കോയട്ടി ഹാജി ഗുരുക്കള്‍ക്ക് ഇന്ന് പന്നൂരില്‍ സ്‌നേഹാദരം. പന്നൂര്‍ ചൂരക്കൊടി കളരി സംഘത്തിന്റെ 36-ാം വാര്‍ഷികത്തിന്റെ ഭാഗമായാണ് ആറര പതിറ്റാണ്ട് കാലം ആയോധന കാല പരിശീലന രംഗത്തെ നിറ സാന്നിധ്യമായിരുന്ന മഹാ ഗുരുവിനെ ആദരിക്കുന്നത്. 1945 ല്‍ ചെലവൂര്‍ പൂനത്തുംകുഴിയില്‍ ആലിക്കോയ സൈനബ ദമ്പതികളുടെ മകനായി ജനിച്ച കോയട്ടി ഹാജി 1960 മുതല്‍ കളരി പഠനവും പരിശീലനവും ആരംഭിച്ചു. ചെലവൂര്‍ ചൂരക്കൊടി കളരി സംഘത്തിന്റെ അമരക്കാരന്‍ മാമു ഹാജി ഗുരുക്കളില്‍ നിന്നാണ് കോയട്ടി ഹാജി കളരി പരിശീലിച്ചത്. കളരി പരിശീലനത്തോടൊപ്പം മര്‍മ്മ ചികിത്സയും പരിശീലിച്ച അദ്ദേഹത്തിന്റെ ചികിത്സക്കായി ദൂരെ ദിക്കുകളില്‍ നിന്നുപോലും ആളുകള്‍ എത്തിയിരുന്നു.
15-ാം വയസ്സില്‍ കളരിയിലേക്കിറങ്ങിയ കോയട്ടി ഹാജിക്ക് കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി ആയിരക്കണക്കിന് ശിഷ്യന്‍മാരുണ്ട്. 1990 മുതലാണ് പന്നൂരില്‍ കളരി പരിശീലനം ആരംഭിച്ചത്. പന്നൂരിന് പുറമെ സൗത്ത് കൊടുവള്ളി, തലപ്പെരുമണ്ണ, പൂത്തൂര്‍, പതിമംഗലം, പൂള്ളാവൂര്‍, ചെറുവറ്റ, ഒഴലക്കുന്ന്, നെല്ലാങ്കണ്ടി, ആയഞ്ചേരി മുക്ക്, പൂവാട്ട് പറമ്പ്, നടമ്മല്‍പൊയില്‍, കണിയാര്‍കണ്ടം, തലശ്ശേരിക്കടുത്ത നിട്ടൂര്‍, പൂക്കം എന്നിവിടങ്ങളില്‍ കളരി പരിശീലന കേന്ദ്രങ്ങള്‍ നടത്തിയിരുന്നു. ഇതില്‍ പന്നൂര്‍, സൗത്ത് കൊടുവള്ളി, പതിമംഗലം, പൂള്ളാവൂര്‍ എന്നിവിടങ്ങളില്‍ ഇപ്പോഴും കളരി പരിശീലനം തുടരുന്നുണ്ട്. കോയട്ടി ഹാജിയില്‍ നിന്ന് കളരി മര്‍മ ചികിത്സ പഠിച്ചവരുടെ നേതൃത്വത്തില്‍ ബംഗ്ലൂരില്‍ ഉള്‍പ്പെടെ പത്തിലേറെ ചികിത്സാ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ശിഷ്യ ഗണങ്ങള്‍ ചേര്‍ന്ന് ഒരുക്കുന്ന ആദരവും കളരിപ്പയറ്റ് പ്രദര്‍ശനവും ഇന്ന് (ഞായര്‍) വൈകിട്ട് ഏഴ് മണിക്ക് മന്ത്രി ഒ ആര്‍ കേളു ഉദ്ഘാടനം ചെയ്യും. എം എല്‍ എ മാരായ എം കെ മുനീര്‍, പി ടി എ റഹീം എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. ജനപ്രതിനിധികളും രാഷ്ട്രീയ, സാമൂഹിക മേഖലകളിലെ പ്രമുഖരും പരിപാടിയില്‍ പങ്കെടുക്കും. വൈകിട്ട് അഞ്ചുമണിക്ക് സാംസ്‌കാരിക സമ്മേളനവും നടക്കും.
പുതു തലമുറക്ക് അന്യമാവുന്ന ആയോധന കലയുടെ പ്രാധാന്യം കൂടുതല്‍ ആളുകളിക്ക് എത്തിക്കുന്നതിനായി രാത്രിയിൽ കളരിപ്പയറ്റ് പ്രദര്‍ശനവും ഒരുക്കിയിട്ടുണ്ട്.