വണ്ടൂർ : മലപ്പുറം വണ്ടൂർ നഗരത്തിൽ പാണ്ടിക്കാട് റോഡിലെ വെള്ളി ആഭരണശാലയിൽ വൻ മോഷണം. കടയുടെ പിൻവശത്തെ ചുവർ തുരന്ന് അകത്തുകയറിയ മോഷ്ടാക്കൾ ലക്ഷങ്ങളുടെ ആഭരണങ്ങൾ കവർന്നു. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. പൊലീസ് അന്വേഷണം ശക്തമാക്കി. പാണ്ടിക്കാട് റോഡിലെ തിരക്കേറിയ ഭാഗത്ത് പ്രവർത്തിക്കുന്ന തരംഗിണി സിൽവർ ജ്വല്ലറിയിലാണ് മോഷണം. ചൊവ്വാഴ്‌ച രാത്രി എട്ടുവരെ കട പ്രവർത്തിച്ചിരുന്നു. ബുധൻ രാവിലെ ജീവനക്കാരി കട തുറന്നപ്പോഴാണ് മോഷണ വിവരം അറിയുന്നത്. ആഭരണങ്ങൾ വയ്ക്കുന്ന ഡിസ്പ്ലേ ബോർഡുകൾ കാലിയായ നിലയിലായിരുന്നു. നിലത്താകെ മുളകുപൊടി വിതറിയിരുന്നു.
ജ്വല്ലറിയുടെ പിൻവശത്തെ ചുവർ ആയുധങ്ങൾ ഉപയോഗിച്ച് കുത്തിത്തുരന്ന് കല്ലുകൾ എടുത്തുമാറ്റിയാണ് മോഷ്ടാവ് അകത്തുകയറിയത്.
റാക്കുകളിൽ സൂക്ഷിച്ചിരുന്ന വെള്ളി ആഭരണങ്ങൾ പൂർണമായും കവർന്നു. ലോക്കർ തുറക്കാനായിട്ടില്ല. വണ്ടൂർ പൊലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധനകൾ നടത്തി. ജ്വല്ലറിയിലെയും പരിസരത്തെയും സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇതിൽ മോഷ്ടാവിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. എന്നാൽ മോഷ്ടാവ് ഗ്ലൗസും തിരിച്ചറിയാതിരിക്കാൻ തരത്തിലുള്ള വസ്ത്രവും ധരിച്ചിട്ടുണ്ട്. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി കൂടുതൽ തെളിവുകൾ ശേഖരിച്ചു. കട ഉടമകൾ കൃത്യമായ നഷ്ടവിവരങ്ങൾ തിട്ടപ്പെടുത്തിവരികയാണ്