Trending

റോഡരികിൽ സ്കൂട്ടർ നിർത്തി നിൽക്കുകയായിരുന്ന കുടുംബത്തിലേക്ക് മിനി ലോറി പാഞ്ഞുകയറി; നാല് വയസുകാരിക്ക് ദാരുണാന്ത്യം

കണ്ണൂർ: മയ്യിൽ പാവന്നൂർ കടവിൽ റോഡരികിൽ നിൽക്കുകയായിരുന്ന കുടുംബത്തിലേക്ക് മിനി ലോറി നിയന്ത്രണം വിട്ട് പാഞ്ഞുകയറി നാല് വയസ്സുകാരിക്ക് ദാരുണാന്ത്യം. അപകടത്തിൽ കുട്ടിയുടെ മാതാപിതാക്കൾക്ക് ഗുരുതരമായി പരിക്കേറ്റു. വ്യാഴാഴ്ച രാത്രി 8.20 ഓടെ പാവന്നൂർ കടവിലായിരുന്നു നാടിനെ നടുക്കിയ ഈ ദാരുണ അപകടം സംഭവിച്ചത്. പാവന്നൂർ കടവ് എടത്തിലേക്കണ്ടി ഹൗസിൽ പി. കെ സാജിദിന്റെയും എ.കെ മൈമൂനത്തിന്റെയും മകൾ തഷ്രീഫ (4) ആണ് മരണപ്പെട്ടത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സാജിദിനെയും മൈമൂനത്തിനെയും കണ്ണൂരിലെ കിംസ് ശ്രീചന്ദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

കുടുംബം സഞ്ചരിച്ചിരുന്ന സ്‌കൂട്ടർ റോഡരികിൽ നിർത്തി നിൽക്കുകയായിരുന്നു. ഈ സമയം പാവന്നൂർ എ. എൽ. പി. സ്കൂൾ ഭാഗത്ത് നിന്ന് അമിതവേഗതയിൽ ഓടിച്ചു വന്ന കെ. എൽ. 59 4847 നമ്പർ മിനിലോറി ഇവരുടെ ഇടയിലേക്ക് നിയന്ത്രണം വിട്ട് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ കുട്ടിയെയും മാതാപിതാക്കളെയും ഉടൻ തന്നെ നാട്ടുകാർ ചേർന്ന് കണ്ണൂർ ശ്രീചന്ദ് ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ലോറി ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമായതെന്ന് നാട്ടുകാർ ആരോപിച്ചു. ഇൻക്വസ്റ്റ് നടപടികൾക്കും പോസ്റ്റുമോർട്ടത്തിനും ശേഷം തഷ്രീഫയുടെ മൃതദേഹം പാവന്നൂർ കടവ് മദ്‌റസയിൽ എത്തിച്ച് പൊതുദർശനത്തിന് വെക്കും


T News

working in the field of advertising and printing

Post a Comment

Previous Post Next Post