Trending

വാട്സാപ്പിൽ വന്ന കല്യാണക്കത്ത് ഡൗൺലോഡ് ചെയ്തു; ബംഗളൂരു സ്വദേശിക്ക് നഷ്ടമായത് അഞ്ച് ലക്ഷം രൂപ

ബംഗളൂരു | വാട്സാപ്പിൽ ലഭിച്ച വിവാഹ ക്ഷണക്കത്തിനൊപ്പമുള്ള എ പി കെ ഫയൽ ഡൗൺലോഡ് ചെയ്ത ബംഗളൂരു സ്വദേശിയായ വ്യവസായിക്ക് അഞ്ച് ലക്ഷം രൂപ നഷ്ടമായി. ബംഗളൂരുവിൽ താമസിക്കുന്ന നൂർ നഹീദ് ഖാൻ (42) എന്ന ബിസിനസുകാരനാണ് സൈബർ തട്ടിപ്പിന് ഇരയായത്. കല്യാണക്കത്ത് എന്ന വ്യാജേന അയച്ച എ പി കെ ഫയലിലൂടെ ഫോണിന്റെ നിയന്ത്രണം ഏറ്റെടുത്താണ് തട്ടിപ്പുകാർ പണം കവർന്നത്.

ഞങ്ങളുടെ വിവാഹത്തിന് നിങ്ങളെ ക്ഷണിക്കുന്നതിൽ സന്തോഷമുണ്ട്, കൂടുതൽ വിവരങ്ങൾക്കായി താഴെയുള്ള ഇൻവിറ്റേഷൻ ഡൗൺലോഡ് ചെയ്യുക എന്ന സന്ദേശത്തിനൊപ്പമാണ് ലിങ്ക് എത്തിയത്. ഇത് കല്യാണക്കത്ത് ആണെന്ന് കരുതി നൂർ നഹീദ് ഖാൻ ഡൗൺലോഡ് ചെയ്യുകയായിരുന്നു. ഇതോടെ ഫോണിലെ ക്യാമറ, ഗൂഗിൾ പേ, ബാങ്ക് ആപ്പുകൾ എന്നിവയിലേക്ക് പ്രവേശിക്കാൻ തട്ടിപ്പുകാർക്ക് അനുമതി ലഭിച്ചു. ഏപ്രിൽ 16 ന് പുലർച്ചെ 4:45 നും 4:54 നും ഇടയിലുള്ള പത്ത് മിനിറ്റിൽ താഴെ സമയത്തിനുള്ളിൽ ഒന്നിലധികം യു പി ഐ ഇടപാടുകളിലൂടെ 5,00,440 രൂപയാണ് അക്കൗണ്ടിൽ നിന്ന് നഷ്ടമായത്.

സംഭവത്തിൽ ഐ ടി ആക്ട് 2000 ലെ 66 സി, 66 ഡി വകുപ്പുകൾ പ്രകാരവും ഭാരതീയ ന്യായ സംഹിത (ബി എൻ എസ്) പ്രകാരവും പോലീസ് കേസെടുത്തിട്ടുണ്ട്. ഗൂഗിൾ പ്ലേ സ്റ്റോറിന് പുറത്ത് നിന്നുള്ള ഇത്തരം എ പി കെ ഫയലുകൾ ഇൻസ്റ്റാൾ ചെയ്യുമ്പോൾ ഫോണിലെ രഹസ്യ വിവരങ്ങളും പാസ്‌വേഡുകളും തട്ടിപ്പുകാർക്ക് ചോർത്താൻ സാധിക്കുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകുന്നു. നഗരത്തിലെ ഒട്ടേറെ ആളുകൾക്ക് സമാനമായ സന്ദേശങ്ങൾ ലഭിച്ചിട്ടുണ്ടാകാമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
T News

working in the field of advertising and printing

Post a Comment

Previous Post Next Post