പത്തനംതിട്ട: വിവാഹശേഷവും മറ്റൊരാളുമായി ബന്ധം തുടർന്ന് ഭർത്താവിന്റെ ജീവിതം തകർത്ത യുവതിക്കും കുടുംബത്തിനുമെതിരെ പത്തനംതിട്ട കുടുംബക്കോടതിയുടെ നിർണായക വിധി.
യുവാവിന് 15 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.
എറണാകുളം മരട് സ്വദേശിയായ യുവാവ് നൽകിയ ഹർജിയിലാണ് ജഡ്ജി ഡോണി തോമസ് വർഗീസ് ഈ വിധി പുറപ്പെടുവിച്ചത്. യുവതിയുടെ ബന്ധുക്കളും സുഹൃത്തും ചേർന്നാണ് ഈ തുക നൽകേണ്ടത്.
കേസിന്റെ ചുരുക്കം ഇങ്ങനെ വിവാഹത്തിന് ശേഷവും യുവതി മറ്റൊരു സുഹൃത്തുമായുള്ള ബന്ധം തുടരുകയായിരുന്നു.ഭാര്യയുടെ ഈ പ്രവൃത്തി തന്റെ വ്യക്തിജീവിതത്തെയും സമാധാനത്തെയും പൂർണ്ണമായി തകർത്തുവെന്ന് ചൂണ്ടിക്കാണിച്ചാണ് യുവാവ് കോടതിയെ സമീപിച്ചത്.
15 ലക്ഷം രൂപ നഷ്ടപരിഹാരത്തിന് പുറമെ, വിവാഹസമയത്ത് വരന്റെ കുടുംബം നൽകിയ 32 ഗ്രാം സ്വർണാഭരണങ്ങളോ അല്ലെങ്കിൽ അതിന്റെ നിലവിലെ വിപണി മൂല്യമോ 6 ശതമാനം പലിശ സഹിതം മുൻ ഭാര്യ തിരികെ നൽകണമെന്നും കോടതി കർശനമായി നിർദ്ദേശിച്ചിട്ടുണ്ട്.
കുടുംബബന്ധങ്ങളുടെ പവിത്രതയെയും വ്യക്തികളുടെ അവകാശങ്ങളെയും മുൻനിർത്തിയുള്ള ഈ വിധി സോഷ്യൽ മീഡിയയിലും വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്.