താമരശ്ശേരി: 16 കാരൻ്റെ വ്യാജ ആത്മഹത്യാ ഭീഷണിയെത്തുടർന്ന് ജനപ്രതിനിധിയും പൊതുപ്രവർത്തകരും ആരോഗ്യപ്രവർത്തകരും നെട്ടോട്ടമോടിയത് മണിക്കൂറുകളോളം. താൻ ഉറക്ക ഗുളിക കൂട്ടത്തോടെ കഴിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയാണ് എന്നായിരുന്നു പതിനാറുകാരൻ്റെ ഭീഷണി.
ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവങ്ങളുടെ തുടക്കം. താമരശ്ശേരി ഗ്രാമപഞ്ചായത്ത് ഓഫീസിൽ ഔദ്യോഗിക ആവശ്യങ്ങളിലായിരുന്ന എട്ടാം വാർഡ് മെമ്പർ ആസാദ് കാരാടിയെ , മലഞ്ചരക്ക് വ്യാപാരിയായ മൂസ ഫോണിൽ വിളിച്ച് അടിയന്തരമായി വരണമെന്ന് അഭ്യർത്ഥിക്കുകയായിരുന്നു. തന്റെ കടയുടെ മുന്നിൽ നിൽക്കുന്ന ഒരു കൗമാരക്കാരൻ ഉമ്മയുടെ ഉറക്കഗുളികകൾ (12 എണ്ണം) കൂട്ടത്തോടെ കഴിച്ചുവെന്നും അസ്വസ്ഥത പ്രകടിപ്പിക്കുന്നുണ്ടെന്നുമായിരുന്നു സന്ദേശം. ഉമ്മ മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലായതിന്റെ വിഷമത്തിലാണ് കുട്ടി ഇത് ചെയ്തതെന്നാണ് വിചാരിച്ചത്.
വിവരമറിഞ്ഞ ഉടൻ വാർഡ് മെമ്പറും പത്രം ഏജന്റായ സാലി കാരാടിയും സംഭവസ്ഥലത്തേക്ക് കുതിച്ചെത്തി. കുട്ടിയോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞ ശേഷം ഒട്ടും സമയം കളയാതെ താമരശ്ശേരി പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി നോനി ഷൗക്കത്തിനെയും SYS സാന്ത്വനം പ്രവർത്തകൻ സാലി ചുങ്കത്തിനെയും വിവരമറിയിച്ച് അവിടേക്ക് വരുത്തി. തുടർന്ന് എല്ലാവരും ചേർന്ന് കുട്ടിയെ ഉടൻ തന്നെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പ്രാഥമിക ശുശ്രൂഷകൾക്ക് ശേഷം കുട്ടിയുടെ നിലയിൽ ആശങ്കയുള്ളതിനാൽ ഡോക്ടർമാർ ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു. തുടർന്ന് 108 ആംബുലൻസിൽ വാർഡ് മെമ്പറും ആസാദ് കാരാടിയും മറ്റ് സുഹൃത്തുക്കളും കുട്ടിയോടൊപ്പം മെഡിക്കൽ കോളേജിലേക്ക് തിരിച്ചു.
യാത്രയ്ക്കിടയിലാണ് കുട്ടിയുടെ ബന്ധുക്കളെ സാലി കാരാടി ഫോണിൽ ബന്ധപ്പെടുന്നത്. ഈ കുട്ടി മുൻപും ശ്രദ്ധ പിടിച്ചുപറ്റാനായി ഇത്തരത്തിൽ ആത്മഹത്യാ നാടകങ്ങൾ കളിച്ചിട്ടുണ്ടെന്നും ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നത് പതിവാണെന്നുമുള്ള വിവരമാണ് ബന്ധുക്കൾ നൽകിയത്. എന്നാൽ ഒപ്പമുള്ളത് ഒരു കൗമാരക്കാരന്റെ ജീവനായതിനാൽ വഴിയിൽ വെച്ച് പിന്തിരിയാൻ മെമ്പറും കൂടെയുള്ളവരും തയ്യാറായില്ല.
കുട്ടിയെ മെഡിക്കൽ കോളേജ് കാഷ്വാലിറ്റിയിൽ എത്തിച്ച് അടിയന്തര പരിശോധനകൾക്ക് വിധേയനാക്കി.
വിശദമായ പരിശോധനകൾക്കൊടുവിൽ കുട്ടി ഗുളികകളൊന്നും കഴിച്ചിട്ടില്ലെന്നും പൂർണ്ണ ആരോഗ്യവാനാണെന്നും ഡോക്ടർമാർ സ്ഥിരീകരിച്ചു.
ഒരു നാടും അവിടുത്തെ ഔദ്യോഗിക സംവിധാനങ്ങളും ഒരു ജീവൻ രക്ഷിക്കാനായി ഒന്നിച്ച് പോരാടിയപ്പോൾ, കുട്ടി സുരക്ഷിതനാണെന്ന വാർത്ത ഏറെ ആശ്വാസം നൽകുന്നതാണെന്ന് വാർഡ് മെമ്പർ പറഞ്ഞു. എന്നാൽ, മറ്റുള്ളവരുടെ നന്മയെയും
സഹതാപത്തെയും ചൂഷണം ചെയ്യുന്ന ഇത്തരം വ്യാജ നാടകങ്ങൾ ഇനി ആരും ആവർത്തിക്കരുതെന്നും, ഒരു പ്രതിസന്ധി ഘട്ടത്തിലും ആരും ജീവനൊടുക്കാൻ ശ്രമിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വലിയ മാനസിക സമ്മർദ്ദത്തിലൂടെ കടന്നുപോകുന്ന കുട്ടിക്കും കുടുംബത്തിനും ആവശ്യമായ കൗൺസിലിംഗ് ഉറപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു.