കൊച്ചി: കുംഭമേള വൈറൽ പെൺകുട്ടിയുടെ വിവാഹത്തിൽ ഭർത്താവ് ഫർമാൻ ഖാന്റെ അറസ്റ്റ് ഒരു മാസത്തേക്ക് ഹൈക്കോടതി തടഞ്ഞു.ഫർമാൻ ഖാന് മധ്യപ്രദേശ് കോടതിയെ സമീപിക്കാം. അതുവരെ അറസ്റ്റ് പാടില്ലെന്നും കോടതി നിർദേശിച്ചു. മകളെ തട്ടിക്കൊണ്ടുപോയെന്ന് പെൺകുട്ടിയുടെ കാണിച്ചുള്ള പിതാവിന്‍റെ പരാതിയിലാണ് മധ്യപ്രദേശ് പൊലീസ് കേസ് എടുത്തത്.
2026 മാർച്ച് 11ന് തിരുവനന്തപുരത്ത് വെച്ചാണ് വൈറൽ പെൺകുട്ടിയും നടൻ ഫർമാൻ ഖാനും വിവാഹിതരായത്. ഇതിന് പിന്നാലെയാണ് മധ്യപ്രദേശിലെ മഹേശ്വർ പൊലീസ് സ്റ്റേഷനിൽ പെൺകുട്ടിയുടെ പിതാവ് പരാതി നൽകിയത്. പ്രായപൂർത്തിയാകാത്ത മകളെ തട്ടിക്കൊണ്ടുപോയി എന്നത് അടക്കം കാര്യങ്ങൾ ചൂണ്ടിക്കാട്ടിയുള്ള പരാതിയിൽ പോക്സോ നിയമപ്രകാരമാണ് കേസ് എടുത്തത്. ഇതോടെ പെൺകുട്ടിയും ഭർത്താവും ഹൈക്കോടതിയെ സമീപിച്ചത്. തനിക്ക് പ്രായപൂർത്തിയായിട്ടുണ്ടെന്നും തെരഞ്ഞെടുപ്പ് കമീഷന്‍റെ വോട്ടർ ഐ.ഡി കാർഡ് അടക്കം തെളിവായുണ്ടെന്നും പെൺകുട്ടി വാദിച്ചു. മധ്യപ്രദേശിലായിരുന്നുവെങ്കിൽ ദുരഭിമാനക്കൊലക്ക് ഇരയാകുമായിരുന്നുവെന്നും കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. കേരളത്തിലായത് നിങ്ങളുടെ ഭാഗ്യമാണെന്ന് കോടതി പറയുകയും ചെയ്തു.