നടുവണ്ണൂർ: നടുവണ്ണൂരിൽ മാരക ലഹരിമരുന്നായ എം.ഡി.എം.എയുമായി യുവാവ് പൊലീസിന്റെ പിടിയിലായി. പൂനത്ത് കീഴ്മാണിക്കോത്ത് ഷെഫീക്ക് (32) ആണ് അറസ്റ്റിലായത്. ലഹരിവിരുദ്ധ കാമ്പെയ്ന്റെ ഭാഗമായി വടകര എസ്.പിയുടെ കീഴിലുള്ള ഡൻസാഫ് (DANSAF) സംഘവും, പേരാമ്പ്ര ഡിവൈ.എസ്.പിയുടെ കീഴിലുള്ള ക്രൈം സ്ക്വാഡും, ബാലുശ്ശേരി പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇയാൾ വലയിലായത്.
ചൊവ്വാഴ്ച വൈകിട്ട് 5.30-ഓടെ കാവുന്തറ റോഡിനും കൂട്ടാലിട മുക്കിനും ഇടയിൽ വെച്ചായിരുന്നു അറസ്റ്റ്. പ്രതിയുടെ പക്കൽ നിന്നും എം.ഡി.എം.എയും മൊബൈൽ ഫോണുകളും ഇയാൾ സഞ്ചരിച്ച കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പരിശോധനയ്ക്കിടെ ഷെഫീക്കിനൊപ്പമുണ്ടായിരുന്ന മറ്റു ചിലർ ഓടി രക്ഷപ്പെട്ടതായാണ് വിവരം. ഇവർക്കായുള്ള തിരച്ചിൽ പൊലീസ് ശക്തമാക്കിയിട്ടുണ്ട്. പിടിച്ചെടുത്ത ലഹരിമരുന്നിന്റെ ഉറവിടത്തെക്കുറിച്ചും വിപണന ശൃംഖലയെക്കുറിച്ചും അന്വേഷണം ആരംഭിച്ചതായി ബാലുശ്ശേരി പൊലീസ് അറിയിച്ചു.