Trending

താമരശ്ശേരി ചുരം മണ്ണിടിച്ചില്‍; മഴ വന്നിട്ടും വല കെട്ടിയില്ല

താമരശ്ശേരി: താമരശ്ശേരി ചുരത്തിലെ വ്യൂ പോയിന്റിന് സമീപം മണ്ണിടിച്ചിലുണ്ടായി ഒരു വർഷമാകാറായിട്ടും സംരക്ഷണ പ്രവൃത്തി  ഇഴയുന്നു. 

ഗ്യാബിയോണ്‍ വല ഉപയോഗിച്ച്‌ സംരക്ഷണം ഒരുക്കാനായിരുന്നു തീരുമാനം. ഇതിനായി വല ഉള്‍പ്പെടെ എത്തിച്ചെങ്കിലും പ്രവൃത്തി മാത്രം നടന്നില്ല. കഴിഞ്ഞ മഴക്കാലത്താണ് വ്യൂ പോയിന്റിന് സമീപം പാറയും മണ്ണും ഇടിഞ്ഞുവീണത്. പ്രദേശം സന്ദർശിച്ച വിദഗ്ദ്ധസംഘം തുടർന്നും അപകട സാദ്ധ്യത ഉണ്ടെന്ന് റിപ്പോർട്ട് നല്‍കിയിരുന്നു. ശക്തമായ പ്രതിരോധ സംവിധാനം ഒരുക്കിയില്ലെങ്കില്‍ പാറ ഉള്‍പ്പെടെ അടർന്നു വീഴാൻ ഇടയുണ്ടെന്നായിരുന്നു റിപ്പോർട്ട്. കഴിഞ്ഞമാസം മണ്ണ് നീക്കല്‍ ആരംഭിച്ചെങ്കിലും
തുടർ പ്രവൃത്തികള്‍ ഉണ്ടായില്ല. കഴിഞ്ഞ സെപ്തംബറില്‍ ഉണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് ഒരാഴ്ച കാലമാണ് ഗതാഗതം പൂർണമായും നിലച്ചത്.
ഇതിനിടയില്‍ മൂന്ന് തവണ ശക്തമായ മണ്ണിടിച്ചില്‍ ഉണ്ടായി. വലിയ പാറകള്‍ ഉള്‍പ്പെടെ റോഡിലേക്ക് അടർന്നു വീണു. ഇതിനുപിന്നാലെ ജിയോളജിക്കല്‍ സർവേ ഓഫ് ഇന്ത്യ, പൊതുമരാമത്ത് ,റവന്യൂ , വനം ഉദ്യോഗസ്ഥർ അടങ്ങിയ സംയുക്തസംഘം പ്രദേശത്ത് പരിശോധന നടത്തി. ഗാബി മാതൃകയില്‍ വല കെട്ടിയാല്‍ മണ്ണിടിച്ചില്‍ കുറച്ചെങ്കിലും തടയാൻ ആകുമെന്നായിരുന്നു വിദഗ്ദ്ധ സംഘത്തിന്റെ കണ്ടെത്തല്‍. കാലവർഷം തുടങ്ങിയ സാഹചര്യത്തില്‍ പ്രതിരോധ പ്രവർത്തനങ്ങള്‍ നടത്താനിടയില്ല. വീതി കുറഞ്ഞ 6, 7, 8 വളവുകളില്‍ വീതികൂട്ടല്‍ പ്രവൃത്തി ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസത്തെ മഴയില്‍ ആറാം വളവില്‍ മണ്ണിടിച്ചില്‍ ഉണ്ടായത് ആശങ്കയായി. ഇവിടുത്തെ മണ്ണ് നീക്കല്‍ താത്ക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. അപകട സാദ്ധ്യത മുന്നില്‍ക്കണ്ട് മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ക്ക് പകല്‍സമയം നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്. മഴ ശക്തിപ്പെട്ടാല്‍ ചുരത്തിലെ ഗതാഗതം കൂടുതല്‍ പ്രയാസകരമാകും.
T News

working in the field of advertising and printing

Post a Comment

Previous Post Next Post