ജനീവയിൽ വെച്ച് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസും ഇറാന്റെ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബഖർ ഖാലിബാഫും തമ്മിൽ കരാർ ഒപ്പുവെച്ചേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. എന്നാൽ കരാറിന്റെ ഉള്ളടക്കത്തെക്കുറിച്ച് യുഎസും ഇറാനും പരസ്പരവിരുദ്ധമായ വിവരങ്ങളാണ് പുറത്തുവിട്ടത്.
കരാർ ഒപ്പുവച്ചു കഴിഞ്ഞാൽ ഹോർമുസ് കടലിടുക്ക് എല്ലാവർക്കുമായി തുറക്കപ്പെടും എന്നാണ് ട്രംപ് നേരത്തെ പറഞ്ഞത്. ഇറാന്റെ ആണവ വസ്തുക്കൾ അമേരിക്കയ്ക്ക് ലഭിക്കുമെന്നും ട്രംപ് അവകാശപ്പെട്ടു. അതേസമയം വെടിനിർത്തൽ കരാർ ലെബനനിൽ പ്രാവർത്തികമാക്കണമെന്നാണ് ഇറാന്റെ ആവശ്യം.
ഇസ്രയേൽ സൈന്യം ഇറാനെതിരെ മാരകമായ ആക്രമണങ്ങൾ തുടരുകയാണ്. തെക്കൻ ലെബനനിൽ വീണ്ടും സ്ഫോടനങ്ങൾ ഉണ്ടായി. ഇതിനിടെ കാരിറിനെതിരെ ഇറാനിയിൽ ജനത പ്രതിഷേധവുമായി രംഗത്തെത്തി. ഈ കരാർ ഇറാന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നില്ലെന്നും ഹോർമുസ് കടലിടുക്കിന് മേലുള്ള ടെഹ്‌റാന്റെ സ്വാധീനം ഇല്ലാതാക്കുമെന്നുമാണ് ഇവരുടെ വാദം.
ഇറാന്റെ വടക്കുകിഴക്കൻ നഗരമായ മഷ്ഹദിലെ വിദേശകാര്യ മന്ത്രാലയ ഓഫീസിന് പുറത്ത് ശനിയാഴ്ച ഡസൻ കണക്കിന് ആളുകൾ പ്രതിഷേധവുമായി എത്തി. ഉന്നത നയതന്ത്രജ്ഞൻ അബ്ബാസ് അരാഗ്ച്ചി സമാധാന കരാറിൽ ഒപ്പുവെക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്ത ടെലിവിഷൻ അഭിമുഖത്തിന് പിന്നാലെ ആയിരുന്നു സംഭവം. കരാർ ഉറപ്പാക്കാൻ ഇറാനിയൻ ചർച്ചക്കാർ വളരെയേറെ ഇളവുകൾ നൽകിയിട്ടുണ്ടെന്നും ഇറാനിയൻ ജനത ആരോപിക്കുന്നു.
അതേസമയം ഇറാന്റെ പരമോന്നത നേതാവ് അലി ഖമേനിയുടെ സംസ്കാര ചടങ്ങുകൾ ജൂലൈ 4 ന് ടെഹ്‌റാനിൽ ആരംഭിക്കുമെന്നാണ് ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ജൂലൈ 9 ന് അദ്ദേഹത്തിന്റെ സംസ്കാരം നടക്കുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.