കണ്ണൂർ വാണിയപ്പാറ ഉണ്ണിയേശു പള്ളിയിലെ മുപ്പത്തിയെട്ടാം നമ്പർ കല്ലറയുമായി ബന്ധപ്പെട്ട ദുരൂഹതകൾ നീക്കാൻ ഇന്ന് വീണ്ടും പരിശോധന നടത്തും. ഒരു കല്ലറയിൽ രണ്ട് ശരീരങ്ങൾ കണ്ടെത്തിയ സംഭവത്തിലെ ദുരൂഹത നീക്കാനാണ് ഇന്ന് വീണ്ടും കല്ലറ തുറന്ന് പരിശോധന നടത്തുന്നത്. കല്ലറയ്ക്കുള്ളിൽ പായയിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയത് മനുഷ്യന്റെ മൃതദേഹമാണോ എന്നും, ആണെങ്കിൽ അത് ആരുടേതാണെന്നും കണ്ടെത്തുകയാണ് ഇന്നത്തെ പരിശോധനയുടെ പ്രധാന ലക്ഷ്യം.
ഈ മാസം 13-ാം തീയതിയാണ് ഒരു ശവസംസ്കാര ചടങ്ങിനായി വാണിയപ്പാറ പള്ളിയിലെ 38-ാം നമ്പർ കല്ലറ തുറന്നപ്പോൾ പായയിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. സാധാരണ ക്രിസ്തീയ ആചാരപ്രകാരം മൃതദേഹങ്ങൾ പായയിൽ പൊതിഞ്ഞ് സംസ്കരിക്കാറില്ല. ഇതാണ് പള്ളി അധികൃതർക്ക് സംശയം തോന്നാൻ ഇടയാക്കിയത്.