Trending

കൊയിലാണ്ടിയിൽ മാലിന്യ നിക്ഷേപം; വാഹനം ഉൾപ്പെടെ രണ്ട് പേർ പോലീസ് പിടിയിൽ

കൊയിലാണ്ടി:
കൊയിലാണ്ടിയുടെ വിവിധ ഭാഗങ്ങളിൽ ശുചിമുറി മാലിന്യം അനധികൃതമായി തള്ളിയെന്ന പരാതിയിൽ രണ്ട് പേരെ കൊയിലാണ്ടി പോലീസ് പിടികൂടി. മണമൽ, മേലൂർ, പന്തലായനി, ചെങ്ങോട്ടുകാവ് എന്നിവിടങ്ങളിൽ പുലർച്ചെ മണിക്കൂറുകളിൽ മാലിന്യം തള്ളുന്നതിനിടെയായിരുന്നു നടപടി.

കോഴിക്കോട് സ്വദേശികളായ രണ്ട് പേരാണ് പിടിയിലായത്. ഇവർ ഉപയോഗിച്ചിരുന്ന KL 57 5959 നമ്പർ ടിപ്പർ ലോറിയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവസമയത്ത് ഒപ്പമുണ്ടായിരുന്ന മറ്റൊരു കാറിന് വ്യാജ രജിസ്ട്രേഷൻ നമ്പർ ഉപയോഗിച്ചിരുന്നതായി പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയതായാണ് വിവരം.

കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ മാലിന്യം സംസ്കരണത്തിനായി കരാർ ഏറ്റെടുത്ത സംഘമാണ് ആശുപത്രിയിൽ നിന്ന് ശേഖരിച്ച മാലിന്യം അധികൃതർക്ക് അറിയിക്കാതെ പൊതുസ്ഥലങ്ങളിൽ തള്ളിയതെന്നാണ് അന്വേഷണത്തിൽ പുറത്തുവന്നത്. മാലിന്യം കൊണ്ടുപോയ വാഹനം അസാധാരണമായി വേഗത്തിൽ തിരിച്ചെത്തിയത് ആശുപത്രി ജീവനക്കാരുടെ ശ്രദ്ധയിൽപ്പെടുകയും അവർ പോലീസിനെ വിവരമറിയിക്കുകയുമായിരുന്നു.

തുടർന്ന് പോലീസ് നടത്തിയ നിരീക്ഷണത്തിനൊടുവിൽ പന്തലായനി ബൈപ്പാസ് പരിസരത്ത് മാലിന്യം തള്ളുന്നതിനിടെയാണ് പ്രതികളെ കൈയോടെ പിടികൂടിയത്.

സംഭവം പ്രദേശത്ത് വലിയ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. സമാനമായ രീതിയിൽ മുമ്പ് നടന്നിട്ടുള്ള മാലിന്യ നിക്ഷേപ സംഭവങ്ങളും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭ അധികൃതർ രംഗത്തെത്തിയിട്ടുണ്ട്. പ്രതികൾക്കെതിരെ നിയമപ്രകാരമുള്ള കർശന നടപടികൾ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post