Trending

സ്കൂൾ പ്രവേശനോത്സവം:കിഴക്കോത്ത് ഗ്രാമപഞ്ചായത് തല ഉദ്ഘാടനം.



എളേറ്റിൽ: അക്ഷരമുറ്റത്തേക്ക് പിച്ചവെച്ചെത്തിയ പുതുമുകുളങ്ങളെ വരവേറ്റ് കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് തല സ്കൂൾ പ്രവേശനോത്സവം വർണ്ണാഭമായ ചടങ്ങുകളോടെ സംഘടിപ്പിച്ചു. എളേറ്റിൽ ജി.എം.യു.പി സ്കൂളിൽ വെച്ചായിരുന്നു ഈ വർഷത്തെ പ്രധാന ചടങ്ങുകൾ നടന്നത്. തോരണങ്ങളും ബലൂണുകളും കൊണ്ട് അലങ്കരിച്ച വിദ്യാലയ അന്തരീക്ഷം കുട്ടികൾക്ക് പുത്തൻ അനുഭവമായി.



കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. സുബൈർ മാസ്റ്റർ പ്രവേശനോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു. വിദ്യാഭ്യാസത്തിലൂടെ മാത്രമേ മികച്ചൊരു തലമുറയെ വാർത്തെടുക്കാൻ സാധിക്കൂ എന്നും, പൊതുവിദ്യാലയങ്ങളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിൽ പഞ്ചായത്ത്‌ സദാ സന്നദ്ധമാണെന്നും പ്രസിഡന്റ് ഉദ്ഘാടന പ്രസംഗത്തിൽ വ്യക്തമാക്കി.



വാർഡ് മെമ്പർ വി. എം. മനോജ്‌ അധ്യക്ഷത വഹിച്ചു. കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജസിയ ടീച്ചർ, വാർഡ് മെമ്പർ ശ്യാമള രവീന്ദ്രൻ, പിടിഎ പ്രസിഡന്റ് ഫസ്‌ലു റഹ്മാൻ,എസ്. എം. സി ചെയർമാൻ ഗഫൂർ ചളിക്കോട്, എം. പി. ടി. എ. ചെയർപേഴ്സൺ ഷാനിബ, സീനിയർ അസിസ്റ്റന്റ് റംല ബീവി ടീച്ചർ എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു സംസാരിച്ചു.

ആദ്യമായി സ്കൂളിലെത്തിയ കൊച്ചുകൂട്ടുകാരെ അധ്യാപകർ  മധുരപലഹാരങ്ങളും, ബലൂണുകളും, തൊപ്പിയും നൽകിയാണ് സ്വീകരിച്ചത്. കൊടുവള്ളി എം.എൽ. എ. പി. കെ. ഫിറോസ് ഏർപ്പെടുത്തിയ സർപ്രൈസ് ഗിഫ്റ്റും, വലിയപറമ്പ് ബാങ്ക് സ്പോൺസർ ചെയ്ത കുട്ടികൾക്കുള്ള സമ്മാനവും, ന്യൂ മാത്‍സ് സംസ്ഥാനതല വിജയി ഹർഷ് മുഹമ്മദ്‌ കെ. പി. ക്കുള്ള മൊമെന്റോ വിതരണവും ചടങ്ങിൽ വെച്ച് നൽകി.

സ്കൂൾ ഹെഡ്മാസ്റ്റർ എം. വി. അനിൽകുമാർ സ്വാഗതവും, സ്റ്റാഫ്‌ സെക്രട്ടറി അമീർ. സി. കെ. നന്ദിയും പറഞ്ഞു.

കുട്ടികളിൽ സ്കൂളിലേക്ക് വരാനുള്ള ഭയമകറ്റി, പഠനം ഒരു ഉത്സവമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തവണയും പ്രവേശനോത്സവം വിപുലമായി സംഘടിപ്പിച്ചത്. അധ്യാപകരും, രക്ഷിതാക്കളും, നാട്ടുകാരും ഉൾപ്പെടെ വൻജനപങ്കാളിത്തത്തോടെയാണ് പരിപാടി അരങ്ങേറിയത്. വിദ്യാർത്ഥികൾ അവതരിപ്പിച്ച സ്വാഗതനൃത്തങ്ങളും, മറ്റു വിനോദ പരിപാടികളും, ഫ്ലവേഴ്സ് കോമഡി ഉത്സവം താരങ്ങൾ നടത്തിയ പാട്ടും - പറച്ചിലും പരിപാടിയും പ്രവേശനോത്സവത്തിന് മാറ്റുകൂട്ടി.
T News

working in the field of advertising and printing

Post a Comment

Previous Post Next Post