തിരുവനന്തപുരം: കാപ്പാ കേസ് പ്രതിയായ ബിജെപി കൗൺസിലർ പൊലീസ് പിടിയിൽ. തിരുവനന്തപുരം കോർപ്പറേഷൻ വാഴോട്ടുകോണം വാർഡ് കൗൺസിലർ സുഗതൻ ആണ് വധശ്രമക്കേസിൽ പിടിയിലാകുന്നത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാൾക്കെതിരെ പൊലീസ് കാപ്പ ചുമത്തിയിരുന്നു. പിന്നാലെ ഒളിവിലായിരുന്നു സുഗതൻ. ഹൈക്കോടതിയിൽ സുഗതൻ നൽകിയ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെയാണ് പൊലീസ് പിടികൂടിയത്.
പിടികൂടുന്നതിനിടെ സുഗതന്റെ അനുയായികള്‍ പൊലീസിനെ വളഞ്ഞു. പിന്നാലെ എസ്എച്ച്ഒ ആകാശത്തേക്ക് വെടിയുതിര്‍ക്കുകയുണ്ടായി. നാടകീയ രംഗങ്ങളാണ് അറസ്റ്റിനിടെ പ്രദേശത്ത് ഉണ്ടായത്. ബിജെപി പ്രവർത്തകരും സ്ഥലത്ത് തടിച്ചുകൂടിയിട്ടുണ്ട്.
സുഗതനെ വൈദ്യപരിശോധനയ്ക്ക് ശേഷം കന്റോണ്‍മെന്റ് സ്റ്റേഷനിലേക്ക് കൊണ്ടുപോകും. വട്ടിയൂര്‍ക്കാവില്‍ ക്രമസമാധാന പ്രശ്‌നം ഉണ്ടായേക്കാം എന്നത് കണക്കിലെടുത്താണ് നീക്കം. വട്ടിയൂര്‍ക്കാവ് പൊലീസ് സ്റ്റേഷനില്‍ കൂടുതല്‍ പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. തനിക്ക് ചിക്കന്‍ പോക്‌സ് ആണെന്നാണ് ഡോക്ടറോട് സുഗതന്‍ പറഞ്ഞത്