Trending

ട്രാഫിക് നിയമലംഘനം; കെ.എസ്.ആർ.ടി.സി ജീവനക്കാർക്കെതിരെ നടപടി

കോഴിക്കോട്: ദേശീയപാതയിൽ കോഴിക്കോട് പന്തീരാങ്കാവിനടുത്ത് ട്രാഫിക് നിയമലംഘനം നടത്തിയ കെ.എസ്.ആർ.ടി.സി ജീവനക്കാർക്കെതിരെ നടപടി. കെ.എസ്.ആർ.ടി.സി നെയ്യാറ്റിൻകര യൂനിറ്റിലെ കെ.എസ് 600 സൂപ്പർഫാസ്റ്റ് ബസ് ജൂൺ മൂന്നിന് നെയ്യാറ്റിൻകര നിന്നും കണ്ണൂരിലേക്ക് സർവിസ് നടത്തവേ കോഴിക്കോട് പന്തീരാങ്കാവ് ടോൾ പ്ലാസക്ക് സമീപം മൂന്ന് കിലോമീറ്ററോളം വൺവേ തെറ്റിച്ച് സർവിസ് തുടർന്ന വിവരം മാധ്യമങ്ങളിൽ വാർത്തയായിരുന്നു.

സംഭവത്തെ തുടർന്ന് കെ.എസ്.ആർ.ടി.സി വിജിലൻസ് വിഭാഗം നടത്തിയ പ്രാഥമിക അന്വേഷണത്തിൽ, ബന്ധപ്പെട്ട ബസിലെ ജീവനക്കാരുടെ ഭാഗത്ത് ഗുരുതരമായ ട്രാഫിക് നിയമലംഘനം നടന്നതായി കണ്ടെത്തി. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ബസിലെ രണ്ട് ജീവനക്കാരെയും സർവിസിൽ നിന്ന് നീക്കംചെയ്യുകയും തുടരന്വേഷണ നടപടികൾ നടന്നുവരുകയുമാണ്.

യാത്രക്കാരുടെയും പൊതുജനങ്ങളുടെയും സുരക്ഷക്ക് പരമപ്രാധാന്യം നൽകുന്ന സ്ഥാപനമാണ് കെ.എസ്.ആർ.ടി.സി. റോഡ് സുരക്ഷ മാനദണ്ഡങ്ങളും ട്രാഫിക് നിയമങ്ങളും കർശനമായി പാലിക്കേണ്ടത് എല്ലാ ജീവനക്കാരുടെയും ബാധ്യതയാണ്. നിയമലംഘനമോ പൊതുസുരക്ഷയെ ബാധിക്കുന്ന തരത്തിലുള്ള വീഴ്ചകളോ ഒരു സാഹചര്യത്തിലും അംഗീകരിക്കപ്പെടുന്നതല്ല. ഇനിയും ഇത്തരത്തിൽ നിരുത്തരവാദപരമായ പ്രവൃത്തികൾ കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടാകുന്നപക്ഷം കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കെ.എസ്.ആർ.ടി.സി ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ അറിയിച്ചു.

T News

working in the field of advertising and printing

Post a Comment

Previous Post Next Post