താമരശ്ശേരി: വ്യാപാരി സമൂഹത്തിന്റെ പുരോഗതിയും യൂണിറ്റിന്റെ കൂടുതൽ സജീവമായ പ്രവർത്തനവും അതിലുപരി വ്യാപാരികളുടെ ഐക്യവും അഭിമാനവും ലക്ഷ്യമാക്കി താമരശ്ശേരിയിലെ ഒരു വിഭാഗം വ്യാപാരികൾ യുവ വ്യാപാരി നേതാവായ ഷംസു ഡയലോഗിനെ വരാനിരിക്കുന്ന യൂണിറ്റ് തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് സ്ഥാനാർഥിയായി പ്രഖ്യാപിക്കുകയായിരുന്നു.
വ്യാപാരികളുടെ പ്രശ്നങ്ങളിൽ സജീവമായി ഇടപെടുകയും, വ്യാപാരികളെ സംഘടനാ പ്രവർത്തനങ്ങളിലേക്ക് കൂടുതൽ അടുപ്പിക്കുകയും ചെയ്യേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകതയാണെന്ന് പ്രഖ്യാപന യോഗത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
പുതിയ ആശയങ്ങളും പ്രവർത്തന ശൈലികളും സംഘടനയ്ക്ക് അനിവാര്യമാണെന്നും അതിന് നേതൃത്വം നൽകാൻ വ്യാപാര രംഗത്ത് തൻ്റെ കഠിന പ്രയത്നം കൊണ്ട് വിജയം വരിച്ച ഷംസു ഡയലോഗിന് സാധിക്കുമെന്നും അവർ പറഞ്ഞു.
താമരശ്ശേരിയുടെ വ്യാപാര മേഖലയിലെ വളർച്ചക്കും വികസനത്തിനും യുവതലമുറയുടെ പങ്കാളിത്തം വർധിപ്പിക്കേണ്ടതുണ്ടെന്നും, എല്ലാ വ്യാപാരികളെയും ഒരുമിച്ച് കൂട്ടി യാതൊരു വിഭാഗീയതയും ഇല്ലാതെ മുന്നോട്ട് പോകുന്ന നേതൃത്വമാണ് തൻ്റെ ലക്ഷ്യമെന്നും ഷംസു മറുപടി നൽകി.
വ്യാപാരികളുടെ അവകാശ സംരക്ഷണത്തിനും, വ്യാപാര മേഖലയെ ബാധിക്കുന്ന വിഷയങ്ങളിൽ ശക്തമായ ഇടപെടലുകൾ നടത്തുന്നതിനും, സംഘടനയെ കൂടുതൽ ജനകീയവും സജീവവുമാക്കി മാറ്റുന്നതിനും പ്രതിജ്ഞാബദ്ധനായ നേതാവാണ് ഷംസു ഡയലോഗെന്ന് വ്യാപാരികൾ അഭിപ്രായപ്പെട്ടു.
വ്യാപാര സമൂഹത്തിന്റെ ഐക്യവും പുരോഗതിയും മുൻനിർത്തി നടക്കുന്ന തിരഞ്ഞെടുപ്പിൽ കഴിഞ്ഞ 23 വർഷമായി താമരശ്ശേരിയുടെ വ്യാപാര രംഗത്ത് നിറ സാന്നിധ്യം ആയ ഷംസുവിന് മുഴുവൻ വ്യാപാരികളുടെയും പിന്തുണ അഭ്യർത്ഥിക്കുന്നതായും അവർ അറിയിച്ചു.