താമരശ്ശേരി: 33 വർഷത്തെ സേവനത്തിനു ശേഷം 2019 ൽ സർവ്വീസിൽ നിന്നും ഭാര്യക്കൊപ്പം വിരമിച്ചു, നല്ല സാമ്പത്തിക ഭദ്രതയുള്ള കുടുംബം, നാട്ടിലും, സേനയിലും സൗഹൃദവലയം എന്നിട്ടും ആർക്കും ഒരു സൂചന പോലും നൽകാതെ റിട്ട. എസ് ഐ ജോസഫ് എന്തിനാണ് കാരാടിയിൽ എത്തി ജീവനൊടുക്കിയത് ?
ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ ഭാര്യ റിട്ട. എസ് ഐയായ ഗ്രേസിക്കൊപ്പം പോയതായിരുന്നു.
തിരിച്ച് പോകാൻ രണ്ടാളും ഒന്നിച്ച് ബസ് സ്റ്റാൻ്റിൽ എത്തി. ഭാര്യ ബസ്സിൽ കയറി, ഭാര്യയുടെ ഫോണും, വീടിൻ്റെ താക്കോലും ജോസഫിൻ്റെ കൈയിൽ. ബസ്സിലെ തിരക്കിനിടയിൽ ചേട്ടൻ പിന്നിൽ ഉണ്ടാവുമെന്നാണ് ഗ്രേസി ധരിച്ചത്.കൽപ്പറ്റയിൽ ഇറങ്ങിയപ്പോൾ ആളില്ല, വിളിക്കാൻ ഫോണുമില്ല.
താമരശ്ശേരിയിൽ ഇറങ്ങിയ ജോസഫ് കടയിൽ നിന്നും മുൻകൂട്ടി പ്ലാസ്റ്റിക്ക് കയർ വാങ്ങി ആത്മഹത്യക്കുള്ള ഒരുക്കം നടത്തിയിരുന്നു. അസുഖം മൂലമുള്ള മനോവിഷമമാണ് മരണത്തിലേക്ക് നയിച്ചത്.
താമരശ്ശേരി പുതിയ ബസ് സ്റ്റാൻ്റിൻ്റെ പിന്നിൽ ത്രിവേണി സ്റ്റോറിന് സമീപത്തുകൂടെയുള്ള ആലിക്കുന്ന് റോഡരികിലെ തേക്കുമരത്തിൽ ഇന്നു പുലർച്ചെയാണ് സമീപവാസികൾ തൂങ്ങി മരിച്ച നിലയിൽ ജോസഫിനെ കണ്ടെത്തിയത്.
കൽപറ്റക്കാർക്ക് സുപരിചിതരായിരുന്നു പൊലീസ് ദമ്പതികൾ, ജോസഫും, ഭാര്യയും ഒന്നിച്ചായിരുന്നു 2019 ൽ സർവ്വീസിൽ നിന്നും വിരമിച്ചത്. വിരമിക്കുമ്പോൾ കൽപറ്റ ട്രാഫിക് എസ്ഐയായിരുന്നു ടി.എം. ജോസഫ്, വനിതാ സെൽ എസ്ഐയായിരുന്നു ഭാര്യ സി.വി. ഗ്രേസി.
ഇരുവരുമൊരുമിച്ച് 29 വർഷത്തെ ഔദ്യോഗിക സേവനമാണെങ്കിലും ജോസഫിന് 4 വർഷം കൂടുതൽ സർവീസുണ്ട്. 1987 ജനുവരി 27ന് ജോസഫും 1991 മാർച്ച് 15ന് ഗ്രേസിയും സർവീസിൽ പ്രവേശിച്ചു. സർവീസിലിരിക്കെ 1993ൽ ആയിരുന്നു വിവാഹം.
സർവീസ് ജീവിതത്തിനിടെ ജോസഫിൻ്റെ മറക്കാനാവാത്ത ഒരുപാട് ഓർമകൾ സുഹൃത്തുക്കളോട് പങ്കുവെച്ചിരുന്നു. പ്രധാനമായത് 1990 ജൂൺ 15ന് അന്നത്തെ ജില്ലാ കലക്ടർ മൈക്കിൾ വേദ ശിരോമണിയുടെ ഗൺമാനായി ജോലി ചെയ്തപ്പോഴുണ്ടായ അനുഭവമാണ്. പുൽപള്ളി ചേകാടിക്കടുത്ത ഗ്രാമത്തിൽ കാട്ടാന ആക്രമിച്ച വീടുകൾ സന്ദർശിച്ച് തിരികെ വരുമ്പോൾ കലക്ടർ സഞ്ചരിച്ച ജീപ്പിനെ കാട്ടാന കുത്തി മറിച്ചിടുകയായിരുന്നു. കാർ പോകാത്ത റോഡിലൂടെ ജീപ്പിലായിരുന്നു കലക്ടറുടെ യാത്ര. സന്ധ്യയോടെ തിരികെ വരുമ്പോഴായിരുന്നു കാട്ടാനയുടെ ആക്രമണം. ജീപ്പിന് പുറകിൽ ഇരുന്ന ജോസഫിന്റെ ഇരുഭാഗത്തുകൂടെയാണ് ആനയുടെ കൊമ്പ് ജീപ്പ് തുളച്ച് കയറിയത്. ഏറെ സമയം കഴിഞ്ഞ് ആന പോയതിന് ശേഷമാണ് ജീപ്പ് നേരെയാക്കി കലക്ടറെ സമീപത്തെ വീട്ടിലെത്തിച്ചത്. അവിടെ വിശ്രമിച്ച ശേഷം തിരികെ കൽപറ്റയിലെത്തിയത് പുലർച്ചെയായിരുന്നു. വാക്കി ടോക്കി പോലുമില്ലാതിരുന്ന അക്കാലത്ത് വനംവകുപ്പിന്റെ വയർലെസിലായിരുന്നു ഏറെ കഴിഞ്ഞ ശേഷം വിവരം അറിയിക്കാനായത്.
കൂടാതെ സ്പെഷൽ ബ്രാഞ്ചിൽ ജോലി ചെയ്യുമ്പോൾ ഒട്ടേറെ അന്വേഷണവുമായും മറക്കാനാവാത്ത ഒരുപാട് ഓർമകൾ ജോസഫ് പങ്കുവെച്ചിരുന്നു, കൽപറ്റ ബ്ലോക്ക് ഓഫിസിന് സമീപം താമസിക്കുന്ന ദമ്പതികൾ ഗിരിനഗർ റസിഡൻസ് അസോസിയേഷനിലും സജീവമായി പ്രവർത്തിക്കുന്നവരാണ്.
ഒരു കലാകാരൻ കൂടിയായ ജോസഫ് ബാലെ, നാടകം, കഥാപ്രസംഗം, കോമഡിഷോ കഥാരചന, ചിത്രരചന തുടങ്ങിയ പരിപാടികളിലും പങ്കെടുക്കാറുണ്ടായിരുന്നു. ‘ഇപ്പോഴും എപ്പോഴും സ്തുതിയാരിക്കട്ടെ’ എന്ന സിനിമയിൽ പൊലീസ് കമ്മിഷണറുടെ വേഷവും ചെയ്തിട്ടുണ്ട്. പരിപാടികളിൽ പാടാറില്ലെങ്കിലും ഭാര്യ ഗ്രേസിയും ചെറിയൊരു പാട്ടുകാരിയാണ്.
വിരമിക്കുന്ന അവസരത്തിൽ ട്രാഫിക് ജോലി ചെയ്യുന്ന 20 പൊലീസുകാർക്ക് ജോസഫ് കൂളിങ് ഗ്ലാസ് കണ്ണടകൾ നൽകിയിരുന്നു.
ഡോ. സീസ ജോസഫ്, സെന്റ ജോസഫ് എന്നിവർ മക്കളാണ്.