കണ്ണൂർ: തളിപ്പറമ്പിൽ തോട്ടിൽ ഒഴുക്കിൽപ്പെട്ട് കാണാതായ മൂന്ന് വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി. പരിയാരം കോരൻപീടിക സ്വദേശിയായ പിടിപി ജാഫറിന്റെ മകൻ മുഹമ്മദ് നജ്‌മാൻ ആണ് വെള്ളത്തിൽ വീണ് മരണപ്പെട്ടത്. തളിപ്പറമ്പ് പൂമംഗലം കൊടിലേരി പാലത്തിന് സമീപമുള്ള തോട്ടിലാണ് ഞായറാഴ്ച വൈകുന്നേരത്തോടെ കുട്ടി അപകടത്തിൽപ്പെടുന്നത്. ഞായറാഴ്ച വൈകിട്ട് ബന്ധുക്കളോടൊപ്പം തോട്ടിനരികിൽ കുളിക്കാനായി എത്തിയതായിരുന്നു കുട്ടി. ഇതിനിടയിൽ കാൽവഴുതി തോട്ടിലേക്ക് വീഴുകയും ശക്തമായ ഒഴുക്കിൽപ്പെടുകയുമായിരുന്നു.
കുട്ടി ഒഴുക്കിൽപ്പെട്ട വിവരം അറിഞ്ഞയുടൻ തന്നെ നാട്ടുകാരും ഫയർഫോഴ്‌സും ചേർന്ന് പ്രദേശത്ത് വലിയ തോതിലുള്ള തെരച്ചിൽ ആരംഭിച്ചിരുന്നു. തുടർന്ന് നടത്തിയ ഊർജ്ജിതമായ തെരച്ചിലിനൊടുവിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്താനായത്.
അപകടത്തെ തുടർന്ന് സ്ഥലത്തെത്തിയ തളിപ്പറമ്പ് പൊലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തുന്നതുൾപ്പെടെയുള്ള ഔദ്യോഗിക നടപടികൾ പൂർത്തിയാക്കി.തുടർന്ന് പോസ്റ്റ്‌മോർട്ടം നടപടികൾക്കായി മൃതദേഹം പരിയാരത്തുള്ള കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.