താത്കാലിക ജോലിയിലൂടെ കൂടുതൽ പണം വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ, വെസ്റ്റ് കൈതപ്പൊയിൽ ചേണ്ടക്കി മുഹമ്മദ് നിയാസ് (23) നെയാണ് ന്യൂ ഡെൽഹി എയർപോർട്ടിൽ വെച്ച് ബുധനാഴ്ച പോലീസ് അറസ്റ്റു ചെയ്തത്. താമരശ്ശേരി പോലീസിൻ്റെ ആവശ്യപ്രകാരം ഇയാൾക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
തട്ടിപ്പിനു ശേഷം വിദേശത്തേക്ക് കടന്ന ഇയാൾ തിരെകെ എത്തിയപ്പോഴാണ് പിടികൂടിയത്.
താമരശ്ശേരി കുടുക്കിൽ ഉമ്മരം സ്വദേശിയുടെ
5.86 ലക്ഷം രൂപ തട്ടിയെടുത്ത സംഘത്തിലെ മൂന്നുപേരെ നേരത്തെ അറസ്റ്റ്
ചെയ്തിരുന്നു.
ഒ.ടി.ടി.സ്ട്രീമിങ് സർവീസ് സ്ഥാപനത്തിന്റെ താത്കാലിക ജോലിയിലൂടെ കൂടുതൽ പണം ലഭ്യമാവുമെന്ന് പറഞ്ഞ് കബളിപ്പിച്ച് 5.86 ലക്ഷം രൂപ തട്ടിയെടുത്ത സംഘത്തിലെ 4 പേരാണ് ഇരുവരെ പിടിയിലായത്.
കൊയിലാണ്ടി നടേരി മുത്താമ്പി കിഴക്കേ പറയച്ചാൽ അനസ് (33), കൊയിലാണ്ടി നടേരി തെക്കേടത്ത് കണ്ടി സാദിഖ് (35), കൈതപ്പൊയിൽ പടിഞ്ഞാറെതൊടുകയിൽ ഷിബിലി (27), വെസ്റ്റ് കൈതപ്പൊയിൽ ചേക്കണ്ടി മുഹമ്മദ് നിയാസ് (23) എന്നിവരാണ് പിടിയിലായത്. ഇതിൽ അനസിന്റെ പക്കൽ നിന്നും 5.25 ലക്ഷം രൂപ പോലീസ് കണ്ടെടുത്തു. ഇൻസ്‌പെക്ടർ കെ.ഒ.പ്രദീപ്, പ്രിൻസിപ്പൽ എസ്.ഐ സജേഷ്.സി.ജോസ് എന്നിവരുടെ നേതൃത്വത്തിലുള്ള താമരശ്ശേരി പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
ടെലഗ്രാം അക്കൗണ്ട് വഴി കോൺടി.വിയുടെ ജോലി വാഗ്ദാനം ചെയ്ത് പലതവണയായി 5,86,200 രൂപ തട്ടിയെടുത്തെന്ന് കാണിച്ച് താമരശ്ശേരി കുടുക്കിലുമ്മരം സ്വദേശിയായ 47 കാരൻ നൽകിയ പരാതിയെത്തുടർന്നാണ് അന്വേഷണത്തിനൊടുവിൽ പ്രതികൾ പിടിയിലായത്. കമ്മീഷൻ നൽകി മറ്റുള്ളവരുടെ ബാങ്ക് അക്കൗണ്ടുകൾ വാങ്ങി അവയുപയോഗിച്ച് സാമ്പത്തിക തട്ടിപ്പ് നടത്തുന്ന ശൃംഖലയിൽ കൂടുതൽ പേർ കണ്ണികളാണെന്നും ഇവരെക്കുറിച്ച് അന്വേഷണം നടത്തിവരികയാണെന്നും താമരശ്ശേരി പോലീസ് അറിയിച്ചു.