താമരശ്ശേരി: ചക്കിക്കാവിൽ പുഴയോട് ചേർന്ന റോഡിൻ്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞ ഭാഗം പുനർനിർമ്മിക്കാത്തതു കാരണം ബൈക്ക് പുഴയിൽ വീണു, യാത്രികനായ കുട്ടമ്പൂർ ഒഴുക്കോട്ട് കണ്ടിയിൽ ഷബീർ അൽഭുതകരമായി രക്ഷപ്പെട്ടു.
2019-20 റീ ബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി 65 ലക്ഷം രൂപ അനുവധിച്ച ഓമശ്ശേരി പഞ്ചായത്തിലെ ചോലക്കര ചക്കിക്കാവ് റോഡാണ് കരാറുകാരൻ്റേയും, ഉദ്യോഗസ്ഥരുടേയും അനാസ്ഥകാരണം പണി ആരംഭിച്ച് മൂന്നുവർഷം പിന്നിട്ടിട്ടും പൂർത്തികരിക്കാതെ കിടക്കുന്ന്.
തകർന്ന ഭാഗത്ത് ഏതാനും ലോഡ് കരിങ്കല്ല് ഇറക്കിയിരുന്നെങ്കിലും കോൺക്രീറ്റ് നടത്തിയിരുന്നില്ല, ഇതു കാരണം കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയിൽ റോഡിൻ്റെ ഒരു ഭാഗം ഇടിഞ്ഞ് വീണ്ടും പുഴയിൽ പതിച്ചിരിക്കുകയായിരുന്നു.
ഇതു കാരണം റോഡു മാത്രമല്ല, സമീപത്തെ വീടുകളും അപകട ഭീഷണി നേരിടുകയാണ്.
നിരവധി വാഹനങ്ങളും, നൂറുക്കണക്കിന് വിദ്യാർത്ഥികളും ദിവസേന കടന്നു പോകുന്ന വഴിയാണിത്.
സംരക്ഷണഭിത്തിയുടെ പണി പൂർത്തീകരിക്കാത്തതു കാരണം നാട്ടുകാർ നവകേരള സദസ്സിൽ പരാതി നൽകിയതിനെ തുടർന്ന് ജലസേചന വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി റിപ്പോർട്ട് തയാറാക്കുകയും, അപകട ഭീഷണി നേരിട്ട് ബോധ്യപ്പെടുകയും ചെയ്തതാണ്. കരാറുകാരനേയും, ഉദ്യോഗസ്ഥരേയും സ്ഥലത്ത് വിളിച്ചു വരുത്തി ഉടൻ പണി പൂർത്തീകരിക്കാൻ നിർദ്ദേശം നൽകുകയും ചെയ്തതാണ്. എന്നിട്ടും പണി പൂർത്തീകരിക്കാത്തത് കാരണമാണ് അപകടo.
പണി പൂർത്തീകരിക്കാത്തത് കാരണം കരാറുകാരന് തുക നാട്ടുകാർ അറിയാതെ കൈമാറില്ലെന്ന് ഉദ്യോഗസ്ഥർ യോഗത്തിൽ വെച്ച് ഉറപ്പ് നൽകിയിരുന്നെങ്കിലും നാട്ടുകാർ അറിയാതെ 10 ലക്ഷം രൂപ ഉദ്യോഗസ്ഥർ കൈമാറിയതായും പ്രദേശവാസികൾ ആരോപിച്ചിരുന്നു.
നിലവിലെ അവസ്ഥ തുടർന്നാൽ കൂടുതൽ അപകടങ്ങൾക്ക് സാധ്യതയുണ്ട്.