താമരശ്ശേരി :താമരശ്ശേരി അമ്പായത്തോട് ഇറച്ചിപ്പാറയിൽ പ്രവർത്തിക്കുന്ന അറവുമാലിന്യ സംസ്കരണ ഫാക്ടറിയായ ഫ്രഷ്ക്കട്ടിനെതിരെ വീണ്ടും നാട്ടുകാർ സമരരംഗത്ത്.
ഫാക്ടറിയിൽ നിന്നും ഉയരുന്ന ദുർഗന്ധം മൂലം മാസങ്ങളോളം സമരം നടത്തിയതിനെ തുടർന്ന് ഒരു മാസം ഫാക്ടറി അടച്ചിട്ട് നവീകരണം നടത്തി പ്രശ്നം പരിഹരിക്കുമെന്നായിരുന്നു മാനേജ്മെൻ്റ് സമരക്കാർക്ക് ഉറപ്പ് നൽകിയിരുന്നത്.
എന്നാൽ നവീകരണം പൂർത്തീകരിച്ചിട്ടും ദുർഗന്ധത്തിന് ശമനമില്ല.
പഞ്ചായത്ത് ലൈസൻസോ, പൊള്യൂഷൻ കൺട്രാൾ ബോർഡിൻ്റെ സർട്ടിഫിക്കറ്റോ നിലവിൽ കമ്പനിക്ക് പുതുക്കി നൽകിയിട്ടില്ല.
ഫാക്ടറി പ്രവർത്തിക്കുന്നത് DLFMC ചെയർമാൻ എന്ന നിലയിൽ ജില്ലാ കലക്ടർ നൽകിയ താൽക്കാലിക അനുമതിയുടെ അടിസ്ഥാനത്തിലാണ്.
ഫ്രഷ് ആയ 20 ടൺ മാലിന്യം മാത്രമേ ഫാക്ടറിയിൽ എത്തിക്കാൻ പാടുള്ളൂ എന്ന വ്യവസ്ഥയിലാണ് അനുമതി.
എന്നാൽ പഴകി മാലിന്യം എത്തിക്കുന്നതായി സംശയം തോന്നി വാഹനം തടഞ്ഞ് സമരസമിതി പ്രവർത്തകർ പരിശോധിച്ചപ്പോഴാണ് 5000 ത്തോളം ചത്ത കോഴികളെ വീപ്പകളിലാക്കിയ നിലയിൽ വാഹനത്തിൽ കാണാൻ സാധിച്ചത്.ഇതേ തുടർന്ന് പ്രദേശവാസികൾ സംഘടിച്ചെത്തി പ്രതിഷേധം ആരംഭിച്ചു.
പിന്നീട് താമരശ്ശേരി സിഐ സായൂജ്കുമാറിൻ്റെ നേതൃത്വത്തിൽ വൻ പോലീസ് സന്നാഹം സ്ഥലത്തെത്തി വാഹനം തിരിച്ചയച്ചു.
പഴകിയ മാലിന്യം സംസ്കരിക്കുന്നത് മൂലം ദുർഗന്ധം ഇരട്ടിയാവുന്നതിനാൽ ഒരു കാരണവശാലും ഇത്തരം മാലിന്യം ഇങ്ങോട്ട് കൊണ്ടുവരാൻ അവധിക്കില്ലെന്നും, നിയമവിരുദ്ധമായി ചത്ത കോഴികളെ എത്തിക്കുന്ന വാഹനങ്ങൾക്കെതിരെ നടപടി എടുക്കണമെന്നും സമരസമിതി ചെയർമാൻ ബാബു കുടുക്കിൽ പറഞ്ഞു.