താമരശ്ശേരി:പുതുപ്പാടി മണല്‍ വയലില്‍ പിപിഇ കിറ്റ് ധരിച്ച് കവര്‍ച്ചക്കെത്തിയ യുവാവിനെയും സഹായിയേയും താമര പോലീസ് അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.
മണല്‍വയലില്‍ ഇന്നലെ വൈകുന്നേരമാണ് പി പി ഇ കിറ്റ് ധരിച്ച് ആരോഗ്യ പ്രവര്‍ത്തകന്‍ ചമഞ്ഞ് യുവാവും, സഹായിയും കവർച്ചക്കെത്തിയത്. ഇവരെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
തെയ്യപ്പാറ സ്വദേശികളായ കണ്ണാടിപറമ്പില്‍ അനസ്, ഓട്ടോ ഡ്രൈവര്‍ തെയ്യപ്പാറ തേക്കുംതോട്ടം അരുണ്‍ എന്നിവരാണ് പിടിയിലായത്. തനിച്ച് താമസിക്കുന്ന മണല്‍ വയല്‍ കുംബിളിവെള്ളില്‍ ഡി ഡി സിറിയകിന്റെ വീട്ടിലാണ് കവര്‍ച്ചാ ശ്രമം നടന്നത്. മൂന്ന് ദിവസം മുമ്പ് കോവിഡ് പരിശോധന നടത്താനെന്ന വ്യാജേനെ അനസ് പി പി ഇ കിറ്റ് ധരിച്ച് സിറിയകിന്റെ വീട്ടിലെത്തിയിരുന്നു. പിന്നീട്രു സ്രവം ശേഖരിക്കാൻ ഒരു വസ്തുവിന്റെ കുറവുണ്ടെന്നും പിറ്റേ ദിവസം വരാമെന്നും പറഞ്ഞാണ് അന്ന് മടങ്ങിയത്. പിറ്റേദിവസം ഇരുവരും സിറിയകിന്റെ വീടിന് പരിസരത്ത് എത്തിയെങ്കിലും വീട്ടിലേക്ക് കയറിയിരുന്നില്ല. ഇത് സിറിയക്കിൻ്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു, സംശയം തോന്നിയ സിറിയക് ഇവരെ നിരീക്ഷിച്ച് വരികയായിരുന്നു. ഇന്നലെ വൈകിട്ട് ആറുമണിയോടെ അനസ് വീണ്ടും എത്തിയപ്പോള്‍ സിറിയക് വീടിനകത്ത് പോയി ഫോൺ വിളിച്ച് നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. പന്തികേട് മനസ്സിലാക്കിയ അനസ് അവിടെ നിന്നും ഇറങ്ങി ഓടി റോഡിലുണ്ടായിരുന്ന ഓട്ടോയില്‍ രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാൽ സ്ഥലത്തെത്തിയ നാട്ടുകാര്‍ ബൈക്കുകളില്‍ ഓട്ടോയെ പിന്തുടര്‍ന്ന് മണല്‍ വയല്‍ അങ്ങാടിയില്‍ വെച്ച് തടഞ്ഞ് ഇരുവരേയും പിടികൂടി താമരശ്ശേരി പോലീസിന് കൈമാറുകയായിരുന്നു. ഇവരുടെ ബേഗില്‍ നിന്ന് കത്തി, മുളക് പൊടി, കയര്‍ തുടങ്ങിയവ കണ്ടെത്തി. തനിച്ച് താമസിക്കുന്ന സിറിയികിനെ വകവരുത്തിയ ശേഷം കവര്‍ച്ച നടത്താനായിരുന്നു ശ്രമമെന്നാണ് നാട്ടുകാര്‍ സംശയിക്കുന്നത്.