Trending

'ഫാത്തിമ തെഹ്‍ലിയ അടക്കമുള്ള ഹരിത നേതാക്കളെ ഒതുക്കണം'; എം.എസ്.എഫ് നേതാവിന്‍റെ ശബ്ദസന്ദേശം പുറത്ത്




വനിത കമ്മിഷനിൽ പരാതി നൽകിയ ഹരിതാ ഭാരവാഹികളെ അപമാനിക്കുന്ന എം.എസ്.എഫ് നേതാവിന്‍റെ ശബ്ദസന്ദേശം പുറത്ത്. ഹരിതാ നേതാക്കളെ അശ്ലീലമായി പരാമർശിച്ചാണ് ശബ്ദസന്ദേശം. ഹരിതാ നേതാക്കൾക്ക് കടിഞ്ഞാണിടണമെന്ന് ലീഗ് നേതൃത്വം പറഞ്ഞെന്നും എം.എസ്.എഫ് മലപ്പുറം ജില്ലാ ജന.സെക്രട്ടറി അബ്ദുല്‍വഹാബിന്‍റെ ശബ്ദസന്ദേശത്തിൽ പറയുന്നു.

എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്‍റ് അഡ്വ. ഫാത്തിമ തെഹ് ലിയ അടക്കമുള്ള ഹരിത നേതാക്കളെ ഒതുക്കണമെന്ന് മുസ്‍ലിം ലീഗ് നേതൃത്വം നിർദേശം നൽകിയിരുന്നുവെന്ന് വെളിപ്പെടുത്തുന്ന ശബ്ദ സന്ദേശമാണ് മാധ്യമങ്ങള്‍ പുറത്തുവിട്ടത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് ഫാത്തിമയുടെ പേര് സജീവമായി ചര്‍ച്ച ചെയ്തിരുന്നു. അന്ന് ഫാത്തിമ നടത്തിയ പല ഇടപെടലുകളും ലീഗിന് വിഷമമുണ്ടാക്കി. ലീഗിന് മീതെ അഭിപ്രായ പ്രകടനം നടത്തുന്ന വനിത വിദ്യാര്‍ഥി നേതാക്കള്‍ക്ക് കടിഞ്ഞാണ്‍ ഇടണമെന്ന് പാർട്ടി നേതൃത്വം ആവശ്യപ്പെട്ടുവെന്നും ശബ്ദ സന്ദേശത്തിലുണ്ട്.

മുസ്‍ലി ലീഗിനകത്തെ ആഭ്യന്തര പ്രശ്നങ്ങള്‍ നേതൃത്വത്തിന് തലവേദനയായിരിക്കെയാണ് എംഎസ്എഫിന്‍റെ വിദ്യാര്‍ഥിനി വിഭാഗമായ ഹരിതയിലെ നേതാക്കള്‍ പി കെ നവാസിനെതിരെ വനിതാ കമ്മീഷനെ സമീപിച്ചത്. പ്രതിരോധത്തിലായ ലീഗ് നേതൃത്വം ഇലക്കും മുള്ളിനും കേടില്ലാതെ പ്രശ്നം പരിഹരിക്കാനുള്ള ശ്രമങ്ങളിലാണ്. ചില എംഎസ്എഫ് ഭാരവാഹികള്‍ വഴി ലീഗ് നേതൃത്വം ഹരിത സംസ്ഥാന പ്രസിഡന്‍റ് മുഫീദ തെസ്നി, ജനറല്‍ സെക്രട്ടറി നജ്മ തബ്ഷീറ എന്നിവരോട് സംസാരിച്ചു. പരാതി പിന്‍വലിക്കുകയാണങ്കില്‍ നവാസിനെതിരെ നടപടിയെടുക്കാമെന്നാണ് അവരെ അറിയിച്ചത്. പക്ഷേ ആദ്യം നടപടി പിന്നീട് പരാതി പിന്‍വലിക്കല്‍ എന്ന നിലപാടിലാണ് ഹരിത നേതൃത്വം. ഇതോടെ വനിതാ കമ്മീഷനെ സമീപിച്ചവര്‍ക്കെതിരെ നടപടിയെടുപ്പിക്കാനുള്ള ശ്രമങ്ങള്‍ മറുവിഭാഗം നടത്തുന്നുണ്ട്. അത് കൂടുതല്‍ പ്രശ്നങ്ങളിലേക്ക് കാര്യങ്ങള്‍ എത്തിക്കുമെന്ന അഭിപ്രായമുള്ളവരും ലീഗ് നേതൃത്വത്തിലുണ്ട്. എംഎസ്എഫ്‌ സംസ്ഥാന പ്രസിഡന്‍റ് പി കെ നവാസും മലപ്പുറം ജില്ലാ സെക്രട്ടറി വി അബ്ദുൽ വഹാബും സ്ത്രീവിരുദ്ധ പരാമർശങ്ങൾ നടത്തിയെന്ന് ആരോപിച്ചാണ് ഹരിത ഭാരവാഹികൾ വനിതാ കമ്മീഷനെ സമീപിച്ചത്.
T News

working in the field of advertising and printing

Post a Comment

Previous Post Next Post