ചെങ്ങന്നൂര്‍: ഫോണ്‍ വഴി അടുപ്പത്തിലായി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കബളിപ്പിച്ച് പണം തട്ടിയ യുവാവ് അറസ്റ്റില്‍. വയനാട് സ്വദേശി രഞ്ജിത്താണ് പൊലീസ് പിടിയിലായിരിക്കുന്നത്. ചെങ്ങന്നൂര്‍ സ്വദേശിയായ പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചതോടെയാണ് തട്ടിപ്പ് വിവരം പുറത്തറിയുന്നത്. ഫോണ്‍ വഴി പെണ്‍കുട്ടിയുമായി അടുപ്പത്തിലായ പ്രതി വിവാഹിതനാണെന്ന വിവരം മറച്ചുവെക്കുകയും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ പറഞ്ഞ് പെണ്‍കുട്ടിയില്‍ നിന്ന് പലപ്പോഴായി ഏകദേശം ഒരു ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു.
യുവാവിന്റെ സാമ്പത്തിക ബുദ്ധിമുട്ട് പരിഹരിക്കാന്‍ സ്വര്‍ണം പണയം വെച്ച് ഒരു പരിചയക്കാരന്‍ വഴി അക്കൗണ്ടിലേക്ക് പെണ്‍കുട്ടി പണം അയച്ചുകൊടുത്തു. പിന്നീട് വീണ്ടും പെണ്‍കുട്ടി തന്റെ വല്ല്യമ്മയുടെ സ്വര്‍ണം അവരറിയാതെ പണയം വെച്ച് പണം അയച്ചു. രണ്ട് തവണകളായി പെണ്‍കുട്ടി രഞ്ജിത്തിന്റെ അക്കൗണ്ടിലേക്ക് 85,000 രൂപയാണ് കൈമാറിയത്. വീട്ടുകാര്‍ അറിയാതെ പണം അയച്ചതില്‍ ഭയം തോന്നിയ പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു.
ഇതോടെ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പിനിരയായ വിവരം പൊലീസിന് ലഭിക്കുന്നത്. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ചെങ്ങന്നൂര്‍ പൊലീസ് കേസെടുക്കുകയും ചെയ്തു. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രതി താമസിക്കുന്ന സ്ഥലം കണ്ടെത്തിയെങ്കിലും ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് പ്രതി കടന്നുകളഞ്ഞു.
ഇയാളുമായി കൂടുതല്‍ തവണ ഫോണില്‍ സംസാരിച്ച സുഹൃത്തിന്റെ ഫോണ്‍നമ്പര്‍ നിരീക്ഷണത്തിലാക്കിയ പൊലീസ് സംഘം രഞ്ജിത്തിനെ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളെ റിമാന്‍ഡ് ചെയ്തു.
Tags:
Crime News
